
ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം
ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രാദേശിക ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം. സൊഫ്‌വാൻ അവെയ് എന്ന കളിക്കാരനാണ് ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. മൈതാനത്തുണ്ടായിരുന്ന മറ്റ് 12 കളിക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഫുട്‌ബാൾ ഗ്രൗണ്ടിലേക്ക് മിന്നലിടിക്കുന്നതിന്റെയും പുക ഉയരുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നരതിവാത് പ്രവിശ്യയിലെ സുംഗൈ ഗൊലോക് ടൗണിലുള്ള ശാന്തിഫാപ് സ്റ്റേഡിയത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അബു നോങ് സിറിനും സാംകോൾട്ടും തമ്മിലുള്ള ഗൊലോക് എഫ്.എ കപ്പ് ടൂർണമെന്റിനിടെ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മൈതാനത്തേക്ക് വലിയ വെളിച്ചത്തോടെ മിന്നൽ പതിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ഗ്രൗണ്ടിൽ നിന്ന് പുക ഉയരുന്നതും ഒരു ചെറിയ സ്‌ഫോടനം പോലെയുണ്ടാകുന്നതും വൈറലായ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മിന്നലേറ്റയുടൻ തന്നെ സൊഫ്‌വാൻ ഗ്രൗണ്ടിൽ വീഴുകയായിരുന്നു.
