
ഗ്രേറ്റര്‍ നോയ്ഡയില്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ മരിച്ചു; എ.സി പൊട്ടിത്തെറിച്ചതെന്ന് നിഗമനം
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ യമുന എക്‌സ്പ്രസ്വേയിലൂടെ സഞ്ചരിക്കുകയായിരുന്ന സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. 35 യാത്രക്കാരുമായി നോയ്ഡയില്‍ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന ബസിനാണ് ബുധനാഴ്ച രാത്രി അപകടമുണ്ടായത്.
ബസിലെ എയര്‍ കണ്ടീഷനിങ് സംവിധാനത്തിലുണ്ടായ പൊട്ടിത്തെറിയാണ് വന്‍ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ എഞ്ചിന്റെ ലൂബ്രിക്കേഷന്‍ ഓയിലിലേക്ക് തീ പടരുകയും ബസിലൊകെ അതിവേഗം പടര്‍ന്നുപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
രാത്രി സമയമായതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. തീ ആളിക്കത്തിയതോടെ പരിഭ്രാന്തരായ പലരും ജനാലവഴി പുറത്തേക്ക് ചാടിയാണ് ജീവന്‍ രക്ഷപ്പെടുത്തിയത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും ജെവാര്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി
