
കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതിന്റെ കോട്ട കൊത്തളങ്ങള്‍ പോലും തകര്‍ന്നടിഞ്ഞു
കൊച്ചി: കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതിന്റെ കോട്ട കൊത്തളങ്ങള്‍ പോലും തകര്‍ന്നടിഞ്ഞു. അര നൂറ്റാണ്ടായി ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന പയ്യന്നൂരും തൃക്കരിപ്പൂരും ഉദുമയും തകര്‍ന്ന് തരിപ്പണമായി.
ആര്‍ത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനടക്കം ഞെട്ടി. മന്ത്രിമാര്‍ തോറ്റ് തുന്നം പാടി. മൂന്നാം പിണറായി സര്‍ക്കാരെന്ന ഇടത് സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് 102 സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്.
2021 ല്‍ 99 സീറ്റുമായി അധികാരത്തുടര്‍ച്ച നേടിയ എല്‍ഡിഎഫ് 35 ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമത്ത് വീണ്ടും താമര വിരിയിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു.
നൂറ് സീറ്റിലധികം പിടിച്ച് ഭരണത്തിലേറുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാക്കുകള്‍ തിരഞ്ഞെംടുപ്പ് ഫലം വന്നപ്പോള്‍ അന്വര്‍ത്ഥമായി. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ എല്‍ഡിഎഫ് സംപൂജ്യരായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രന്‍, വി.അബ്ദുറഹിമാന്‍, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ തോറ്റു.
പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് മത്സരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജയും പരാജയപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ മുസ്ലീം ലീഗിന്റെ ഫാത്തിമ തഹ്‌ലിയയ്ക്ക് മുന്നില്‍ കീഴടങ്ങി. ഇതോടെ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയില്‍ വനിതാ പ്രാധിനിധ്യമായി.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യത്തെ ആറ് റൗണ്ട് വരെ പിന്നിലായിരുന്നു. 2021 ല്‍ 50123 വോട്ടുകള്‍ക്ക് പിണറായി വിജയന്‍ വിജയിച്ച മണ്ഡലമാണ് ധര്‍മടം. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, പി.പ്രസാദ്, ജി.ആര്‍.അനില്‍, കെ.രാജന്‍ എന്നിവര്‍ക്ക് മാത്രമാണ് മന്ത്രിമാരില്‍ ജയിക്കാനായത്
