
ജന്മദിനത്തില്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസില്‍ ഒന്നാമനായ ചരിത്ര വിജയ തിളക്കത്തില്‍ ആര്യാടന്‍ ഷൗക്കത്ത്.
ജന്മദിനത്തില്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസില്‍ ഒന്നാമനായ ചരിത്ര വിജയ തിളക്കത്തില്‍ ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും 54851 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്. ഷൗക്കത്തിന്റെ 62-ാം ജന്മദിനമായിരുന്ന ഇന്നലെയായിരുന്നു ചരിത്ര വിജയം. ആകെ പോള്‍ ചെയ്ത 1,89595 വോട്ടുകളില്‍ 1,13586 വോട്ടുകളുമായി 59.91 ശതമാനം നേടിയാണ് ഷൗക്കത്തിന്റെ വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായിരുന്ന യു. ഷറഫലിക്ക് 58735 വോട്ടുമായി 30.98 ശതമാനം നേടാനേ കഴിഞ്ഞുള്ളൂ. എന്‍.ഡി.എക്കുവേണ്ടി മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ഗിരീഷ് മേക്കാട്ടിന് 12660 വോട്ടുമായി 6.68 ശതമാനവും ലഭിച്ചു.
2025 ജൂണില്‍ നടന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനെ 11077 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെടുത്തിയിരുന്നത്. അന്ന് 77737 വോട്ടുമായി 44.17 ശതമാനമായിരുന്നു ഷൗക്കത്ത് നേടിയിരുന്നത്. ഭൂരിപക്ഷത്തില്‍ 44774 വോട്ടിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ പേരിലുണ്ടായിരുന്ന ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡും ഇത്തവണ ഷൗക്കത്ത് മറികടന്നു. 2001ല്‍ പി അന്‍വര്‍ മാസ്റ്റര്‍ക്കെതിരെ ആര്യാടന്‍ മുഹമ്മദ് നേടിയ 21,620 വോട്ടായിരുന്നു ഇതുവരെ നിലമ്പൂരിലെ റെക്കോര്‍ഡ് ഭൂരിപക്ഷം. അന്ന് കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം നല്‍കിയിരുന്ന ചാലിയാര്‍, കാളികാവ്, ചോക്കാട് പഞ്ചായത്തുകള്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തിലായിരുന്നതായിരുന്നു തുണയായത്.
