
ശ്വാസത്തിലറിയാം പ്രമേഹം; കണ്ടെത്തിയത് കുസാറ്റ് ഗവേഷകർ
കൊച്ചി: “ഒറ്റ ശ്വാസത്തിൽനിന്ന്’ പ്രമേഹ സാധ്യതകൾ കണ്ടെത്താൻ ബാറ്ററി ഇല്ലാതെ പ്രവർത്തിക്കുന്ന കുഞ്ഞൻ ശ്വാസ സെൻസർ വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ശാസ്ത്രജ്ഞർ. ചാർജിങ്ങോ വൈദ്യുതിയോ ഇല്ലാതെ “മിനിയേച്ചറൈസ്ഡ് ട്രൈബോ ഇലക്ട്രിക് ബ്രീത്ത് അസറ്റോൺ സെൻസർ’ എന്ന കണ്ടുപിടിത്തം ശ്വാസത്തിലെ അസറ്റോൺ അളക്കും. പ്രമേഹരോഗികളിൽ അസറ്റോൺ കൂടുതലായിരിക്കും. കീറ്റോ അസിഡോസിസ് സാധ്യതയും കായികതാരങ്ങളുടെ കലോറി എരിയുന്നതും ഇതിലൂടെ അറിയാൻ സാധിക്കും. വിരൽ കുത്താതെ, മുറിയിലെ താപനിലയിൽത്തന്നെ വേഗം ഫലം ലഭിക്കും.
ഒരു നൈലോൺ ഫിലിമും കോപ്പർ ഷീറ്റും മാത്രം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ശ്വാസത്തിൽനിന്നുതന്നെ വൈദ്യുതി ഉണ്ടാക്കി പ്രവർത്തിക്കുന്നതിനാൽ ബാറ്ററി ആവശ്യമില്ല. ലളിതവും ചെലവ് കുറഞ്ഞതുമായ രൂപകല്‍പ്പനയാണ്. കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജിവകുപ്പിലെ പ്രൊഫസറും ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോമെറ്റീരിയൽസ് ആൻഡ് ഡിവൈസെസ് ഡയറക്ടറുമായ ഡോ. ഹണി ജോണിന്റെ നേതൃത്വത്തിൽ ഡോ. ധനു ട്രീസ മാത്യു, ഡോ. അൻഷിദ മായീൻ, ഡോ. എൻ മനോജ് എന്നിവരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. ഉപകരണത്തിന് പേറ്റന്റ് ലഭിച്ചു. കുറഞ്ഞ ചെലവിൽ ഗ്രാമപ്രദേശങ്ങളിൽ പ്രമേഹ പരിശോധനയ്ക്കും ഫിറ്റ്നസ് ട്രാക്കിങ്ങിനും ഉപകരണം ഏറെ പ്രയോജനപ്പെടുമെന്ന് ഗവേഷകർ പറയുന്നു.
