
കോവിഡ് മഹാമാരി: ലോകത്ത് 2.2 കോടി അധിക മരണം സംഭവിച്ചതായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് ലോകത്ത് വരുത്തിവെച്ച ആഘാതം ഔദ്യോഗിക കണക്കുകളേക്കാള്‍ മൂന്നിരട്ടിയില്‍ അധികമെന്ന് ലോകാരോഗ്യ സംഘടന. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ലോകത്താകമാനം 22.1 ദശലക്ഷം (2.2 കോടിയിലധികം) അധിക മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് 2026 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് ദശലക്ഷം മരണങ്ങളേക്കാള്‍ മുകളിലാണിത്. മഹാമാരി ലോകത്തിന്റെ ആരോഗ്യ മേഖലയില്‍ ഉണ്ടാക്കിയ ആഘാതം ചരിത്രപരമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021 വരെയുള്ള കണക്കുകള്‍ പ്രകാരം ആയുര്‍ ദൈര്‍ഘ്യത്തിലും ആരോഗ്യകരമായ ജീവിത ദൈര്‍ഘ്യത്തിലും ഏകദേശം പത്ത് വര്‍ഷത്തെ നേട്ടങ്ങളാണ് മഹാമാരി ഇല്ലാതാക്കിയത്. വൈറസ് ബാധമൂലം നേരിട്ടുണ്ടായ മരണങ്ങള്‍ കൂടാതെ തകര്‍ന്നടിഞ്ഞ ആരോഗ്യ സംവിധാനങ്ങള്‍ കാരണം ചികിത്സ ലഭിക്കാതെ മരിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു.
മഹാമാരിക്കാലത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് 2021 ലാണ്. വീര്യമേറിയ വകഭേദങ്ങളുടെ വ്യാപനവും ആരോഗ്യ രംഗത്തെ കടുത്ത സമ്മര്‍ദ്ദവും കാരണം ആ വര്‍ഷം 10.4 ദശലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2023 ല്‍ ഇത് 3.3 ദശലക്ഷമായി കുറഞ്ഞിരുന്നു. പുരുഷന്മാരിലും 85 വയസിന് മുകളിലുള്ള മുതിര്‍ന്നവരിലുമാണ് മരണ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്
