റഷ്യയെ ഞെട്ടിച്ച് ഉക്രെയ്‌നിന്റെ പ്രത്യാക്രമണം: പുടിന്റെ കൊട്ടാരത്തിന്റെ വ്യോമപ്രതിരോധം തകര്‍ത്തു; റഷ്യന്‍ തുറമുഖത്ത് അടിയന്തരാവസ്ഥ

0

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കരിങ്കടല്‍ തീരത്തുള്ള അതിസുരക്ഷാ കൊട്ടാരത്തിന് സംരക്ഷണമൊരുക്കിയിരുന്ന വ്യോമപ്രതിരോധ സംവിധാനം ഉക്രെയ്ന്‍ സേന ഡ്രോണാക്രമണത്തിലൂടെ തകര്‍ത്തു. തെക്കന്‍ റഷ്യയിലെ ഗെലെന്‍ഷിഡ്കിലുള്ള കൊട്ടാരത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ സ്ഥാപിച്ചിരുന്ന രണ്ട് എസ്-400 മിസൈല്‍ വിക്ഷേപിണികളാണ് ഉക്രെയ്ന്‍ തര്‍ത്തത്. വിമാനങ്ങളും ഡ്രോണുകളും ക്രൂസ് മിസൈലുകളും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ സംവിധാനത്തില്‍ നിന്ന് ഓഗസ്റ്റ് എട്ടിന് ഉക്രെയ്ന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ആറ് മിസൈലുകള്‍ തൊടുത്തിരുന്നതായി ഉക്രെയ്ന്‍ ഡ്രോണ്‍ സേനാ കമാന്‍ഡര്‍ മേജര്‍ റോബര്‍ട്ട് ബ്രോവ്ഡി വ്യക്തമാക്കി.

ഇറ്റാലിയന്‍ വാസ്തുവിദ്യാ ശൈലിയില്‍ 13000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ ആഡംബര വസതി പുടിന്റെ കൊട്ടാരം എന്ന പദവിയിലാണ് അറിയപ്പെടുന്നത്. അന്തരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ 2021 ല്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കാസിനോ, സ്പാ, ഐസ് സ്‌കേറ്റിങ് റിങ്ക്, തിയേറ്റര്‍, ഹുക്ക ലോഞ്ച്, ചാപ്പല്‍ എന്നിവയടക്കം സര്‍വ സജ്ജീകരണങ്ങളും അടങ്ങിയതാണ് ഈ അതിസുരക്ഷാ വസതി. എന്നാല്‍ പുടിന്‍ ഇവിടെ അപൂര്‍വമായി മാത്രമേ എത്താറുള്ളൂവെന്നും മോസ്‌കോയ്ക്ക് സമീപമുള്ള വാല്‍ഡൈ തടാകക്കരയിലെ വസതിയിലാണ് അദേഹം കൂടുതലായും കഴിയുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍

You might also like