ഓണ വിപണിയെ ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഗുണനിലവാരമില്ലാത്ത വ്യാജ വെളിച്ചെണ്ണ വ്യാപകമായി ഒഴുകിയെത്തുന്നു

0

കൊച്ചി: ഓണ വിപണിയെ ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഗുണനിലവാരമില്ലാത്ത വ്യാജ വെളിച്ചെണ്ണ വ്യാപകമായി ഒഴുകിയെത്തുന്നു. വെളിച്ചെണ്ണ വില വര്‍ധിച്ച സാഹചര്യം മുതലെടുത്ത് ആകര്‍ഷകമായ ഓഫറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് മായം ചേര്‍ത്ത ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാണ് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള മാഫിയ സംഘങ്ങളുടെ നീക്കം. പൊതുവിതരണ ശൃംഖലയെപ്പോലും ലക്ഷ്യമിടുന്ന ഇക്കൂട്ടര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്ന കരാറുകാരെ സ്വാധീനിച്ച് സബ്സിഡി വിപണിയിലേക്ക് പോലും വ്യാജ വെളിച്ചെണ്ണ തിരുകിക്കയറ്റാന്‍ നീക്കം നടത്തുന്നതായി പ്രമുഖ ഉല്‍പാദകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

കേരളത്തിലെ നാളികേര കര്‍ഷകരെയും ചെറുകിട വെളിച്ചെണ്ണ ഉല്‍പാദകരെയും ഒരുപോലെ കട്ടപ്പുറത്താക്കുന്ന പ്രതിസന്ധിയാണ് നിലവിലുള്ളത്. ഒരു ക്വിന്റല്‍ കൊപ്രയ്ക്ക് സംസ്ഥാനത്ത് 17,000 രൂപയോളം വിലയുള്ളപ്പോള്‍, അതില്‍ നിന്ന് ലഭിക്കുന്ന 66 ലിറ്റര്‍ വെളിച്ചെണ്ണ ലിറ്ററിന് 280 രൂപ നിരക്കില്‍ വിറ്റാല്‍ ഉല്‍പാദനച്ചെലവ് പോലും നികത്താനാകില്ല. ലിറ്ററിന് കുറഞ്ഞത് 310 രൂപയ്ക്ക് മുകളില്‍ വില ലഭിച്ചാല്‍ മാത്രമേ പ്രാദേശിക മില്ലുടമകള്‍ക്ക് പിടിച്ച് നില്‍ക്കാനാകൂ. എന്നാല്‍ തമിഴ്നാട്ടിലെ ഗുണനിലവാരം കുറഞ്ഞ കൊപ്രയും, അവിടുത്തെ വന്‍കിട നെറ്റ്‌വര്‍ക്കും ഉപയോഗിച്ച് ലിറ്ററിന് 240 മുതല്‍ 280 രൂപ വരെയുള്ള കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ എത്തിച്ച് നല്‍കാമെന്നാണ് തമിഴ്നാട് ലോബിയുടെ വാഗ്ദാനം.

ആകര്‍ഷകമായ കേരളീയ ബ്രാന്‍ഡ് നാമങ്ങള്‍ അച്ചടിച്ച പൗച്ചുകളില്‍ ആവശ്യപ്പെടുന്നത്ര വെളിച്ചെണ്ണ കടകളില്‍ നേരിട്ടെത്തിച്ചു നല്‍കുന്നതിനാല്‍ ഇടനിലക്കാര്‍ക്ക് വന്‍ ലാഭമാണ് ലഭിക്കുന്നത്. രാജ്യത്തേക്ക് അനിയന്ത്രിതമായി നടക്കുന്ന തേങ്ങാപ്പിണ്ണാക്ക് ഇറക്കുമതിയാണ് ഈ തട്ടിപ്പിന്റെ പ്രധാന കണ്ണിയെന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 337 കോടി രൂപ ചെലവഴിച്ച് 1.72 ലക്ഷം ടണ്‍ പിണ്ണാക്കാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത്. എണ്ണമയം പൂര്‍ണ്ണമായി നീക്കാതെ എത്തിക്കുന്ന ഈ പിണ്ണാക്കില്‍ നിന്ന് രാസലായകങ്ങള്‍ ഉപയോഗിച്ച് വീണ്ടും എണ്ണ വേര്‍തിരിച്ചെടുത്താണ് മായം ചേര്‍ക്കലിനായി ഉപയോഗിക്കുന്നത്

You might also like