സംസ്ഥാന പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പാകിസ്ഥാന്‍ ഹാക്കര്‍ സംഘം ഹാക്ക് ചെയ്തു

0

തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പാകിസ്ഥാന്‍ ഹാക്കര്‍ സംഘം ഹാക്ക് ചെയ്തു. ഇന്ന് രാവിലെയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

വെബ്സൈറ്റിന്റെ ഹോം പേജില്‍ പാകിസ്ഥാന്റെ ദേശീയ പതാക പതിപ്പിക്കുകയും പാകിസ്ഥാനെ അനുകൂലിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘ടീം ബ്ലാക്ക് ലീറ്റ്സ്’ എന്ന ഹാക്കര്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറിപ്പില്‍ അവകാശപ്പെടുന്നത്.

‘ഞങ്ങള്‍ പാകിസ്ഥാന്‍ ഹാക്കര്‍മാരാണ്. ദിവസവും നിരവധി വെബ്സൈറ്റുകള്‍ ഞങ്ങള്‍ ഹാക്ക് ചെയ്യാറുണ്ട്. ഇന്ന് നിങ്ങളുടെ ദിവസമാണ്’ എന്ന തരത്തിലുള്ള മുന്നറിയിപ്പ് സന്ദേശമാണ് ഹാക്കര്‍മാര്‍ പേജില്‍ പ്രദര്‍ശിപ്പിച്ചത്. സുരക്ഷാ ലംഘനം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ഹോസ്റ്റിംഗ് സേവനദാതാക്കള്‍ വെബ്സൈറ്റിന്റെ അക്കൗണ്ട് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു.

വെബ്സൈറ്റില്‍ നിന്ന് പ്രധാനപ്പെട്ട സര്‍ക്കാര്‍ രേഖകളോ വിവരങ്ങളോ ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യം സൈബര്‍ സുരക്ഷാ വിദഗ്ദ്ധരുടെ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉറപ്പുവരുത്തിയ ശേഷം മാത്രമേ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കുകയുള്ളൂവെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

You might also like