എബോള, ഹന്റാ വൈറസുകളെ കരുതിയിരിക്കണം’: ലോകത്തിന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

0

ന്യൂയോര്‍ക്ക്: എബോള, ഹന്റാ വൈറസുകളുടെ വ്യാപനത്തില്‍ കര്‍ശന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മുന്‍ കാലങ്ങളില്‍ ലോകാരോഗ്യ സംഘടനയ്ക്കും മറ്റും ലഭിച്ചിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചത് ഇത്തരം രോഗങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള നിരീക്ഷണ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍, ‘ഗ്ലോബല്‍ പ്രിപ്പയേര്‍ഡ്നെസ് മോണിറ്ററിങ് ബോര്‍ഡാണ്’ ആരോഗ്യ വിദഗ്ധരുടെ അവലോകനങ്ങള്‍ അടങ്ങിയ ഈ പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

മഹാമാരികളെ നേരിടാനുള്ള തയ്യാറെടുപ്പുകളേക്കാള്‍ വേഗത്തിലാണ് രോഗങ്ങള്‍ പടരുന്നതെന്നും, അടുത്തൊരു ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ ലോകം സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ അപൂര്‍വയിനം എബോള വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 120 പേരെങ്കിലും മരിച്ചതായും നൂറുകണക്കിന് ആളുകള്‍ക്ക് രോഗബാധയുണ്ടെന്ന് സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ അതിവേഗമാണ് മാറിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like