
സാൽമൊണെല്ല ബാക്ടീരിയ ബാധ: പ്രമുഖ പൊട്ടറ്റോ ചിപ്സ് ബ്രാൻഡുകൾക്ക് യു.എസ്. എഫ്.ഡി.എയുടെ അതീവ ജാഗ്രതാ നിർദ്ദേശം
വാഷിംഗ്ടൺ: സാൽമൊണെല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ അമേരിക്കൻ കമ്പനിയായ ‘ഉട്സ്’ (Utz) പുറത്തിറക്കുന്ന വിവിധയിനം പൊട്ടറ്റോ ചിപ്സുകൾക്ക് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ
ഏറ്റവും ഉയർന്ന ക്ലാസ് വൺ (Class 1) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാവുന്ന സാഹചര്യങ്ങളിലാണ് എഫ്.ഡി.എ സാധാരണയായി ഈ വിഭാഗത്തിൽപ്പെട്ട മുന്നറിയിപ്പ് നൽകുന്നത്.
കമ്പനിയുടെ ജനപ്രിയ ബ്രാൻഡുകളായ ‘സാപ്സ്’ ‘ഡേർട്ടി’ എന്നിവയുടെ ഏകദേശം ആറര ലക്ഷത്തോളം (650,000) പാക്കറ്റ് ചിപ്സുകളെ ഈ നിർദ്ദേശം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ചിപ്സിൽ ഉപയോഗിച്ച ഡ്രൈ മിൽക്ക് പൗഡറിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാം എന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ മെയ് മാസം കമ്പനി സ്വമേധയാ ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. എന്നാൽ എഫ്.ഡി.എയുടെ ഏറ്റവും പുതിയ പ്രതിവാര റിപ്പോർട്ടിലാണ് ഈ നടപടിയുടെ ഗൗരവം വർദ്ധിപ്പിച്ചുക്കൊണ്ട് ‘ക്ലാസ് വൺ’ ആയി ഉയർത്തിയത്.
