മാസപ്പടിക്കേസ്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്തു തുടങ്ങി; കൊച്ചിയിലെ ഓഫീസിന് കനത്ത പൊലീസ് സുരക്ഷ

0

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു തുടങ്ങി. രാവിലെ 10.30 ഓടെയാണ് ചോദ്യം ചെയ്യലിനായി വീണ ഇ.ഡിയുടെ കൊച്ചി കടവന്ത്രയിലുള്ള ഓഫീസിലെത്തിയത്. ഭര്‍ത്താവും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു.

വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന കമ്പനി സിഎംആര്‍എല്ലുമായി നടത്തിയ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് ചോദ്യം ചെയ്യല്‍.

വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്നുള്ള വീണയുടെ അപേക്ഷയില്‍ തിയതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകന്‍ വഴി നല്‍കാമെന്ന വീണയുടെ നിര്‍ദേശം തള്ളിയാണ് ഇ.ഡി വീണ്ടും സമന്‍സ് നല്‍കിയത്.

മെഡിക്കല്‍ പരിശോധനകളുടെ റിപ്പോര്‍ട്ടുകളടക്കം ഉള്‍പ്പെടുത്തി വീണ നല്‍കിയ ഇ-മെയിലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് അഞ്ച് ദിവസം കൂടി കാലാവധി നീട്ടി നല്‍കിയത്. ഇന്നലെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും മകന്‍ ശരണ്‍ എസ്. കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു

You might also like