
ഖത്തറിൽ വാതക പ്ലാന്റിൽ വൻ സ്ഫോടനം: 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 മരണം
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ നഗരമായ റാസ് ലഫാനിലെ ബര്‍സാന്‍ ആഭ്യന്തര വാതക വിതരണ കേന്ദ്രത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 തൊഴിലാളികള്‍ മരണപ്പെട്ടു. ഞായറാഴ്ച രാത്രിയില്‍ ഉണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ 66 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മരണപ്പെട്ടവരില്‍ ഒന്‍പത് പേര്‍ ഉത്തരേന്ത്യന്‍ സ്വദേശികളും മൂന്ന് പേര്‍ തമിഴ്നാട് സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ മലയാളികള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 2025 ഡിസംബര്‍ മുതല്‍ പൂര്‍ണമായി അടച്ചിട്ടിരുന്ന പ്ലാന്റ്, കഴിഞ്ഞ ദിവസം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. റീസ്റ്റാര്‍ട്ട് നടപടികള്‍ക്കിടെ ഉണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാറാണ് വന്‍ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരീദ അല്‍ കാബി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപകടത്തിന് പിന്നില്‍ അട്ടിമറി ശ്രമങ്ങളോ മറ്റ് അക്രമങ്ങളോ ഇല്ലെന്നും അദേഹം വ്യക്തമാക്കി
