
കുഞ്ഞുങ്ങളിലെ ജന്മനായുള്ള വൈകല്യങ്ങള്‍ കണ്ടെത്താന്‍ സ്‌ക്രീനിങ് ശക്തമാക്കണം: ലോകാരോഗ്യ സംഘടന
ജനീവ: നവജാത ശിശുക്കളിലെ ജന്മനായുള്ള വൈകല്യങ്ങളും ജനിതക രോഗങ്ങളും ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ ആഗോള തലത്തില്‍ സ്‌ക്രീനിങ് സംവിധാനങ്ങള്‍ അടിയന്തരമായി ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന. ജൂണ്‍ 23 ന് ജനീവയില്‍ പുറത്തിറക്കിയ
നവജാത ശിശുക്കളുടെ പരിശോധന, രോഗ നിര്‍ണയം, ജനന വൈകല്യങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്കുള്ള ശേഷി ശക്തിപ്പെടുത്തല്‍ (Strengthening capacity for newborn screening, diagnosis and management of birth defects) എന്ന പുതിയ സാങ്കേതിക റിപ്പോര്‍ട്ടിലാണ് ഡബ്ല്യു.എച്ച്.ഒ ഈ നിര്‍ണായക നിര്‍ദേശം മുന്നോട്ടുവെച്ചത്.
ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള ഗുരുതരമായ ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഒഴിവാക്കാനും ജനന സമയത്ത് തന്നെ നടത്തുന്ന കൃത്യമായ പരിശോധനകള്‍ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പുതിയ സാങ്കേതിക റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും ഓരോ വര്‍ഷവും ഏകദേശം 80 ലക്ഷത്തോളം കുട്ടികളാണ് ജന്മനാ ഉള്ള വൈകല്യങ്ങളോടെ ജനിക്കുന്നത്.
ആഗോളതലത്തില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ എട്ട് ശതമാനത്തോളം സംഭവിക്കുന്നത് ഇത്തരം വൈകല്യങ്ങള്‍ മൂലമാണ്. ഇതില്‍ ഗുരുതരമായ ജന്മനാ വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളില്‍ 90 ശതമാനവും ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ പിന്നോക്ക-മധ്യവര്‍ഗ രാജ്യങ്ങളിലാണ് ഉള്ളത്. പകര്‍ച്ച വ്യാധികളും മറ്റ് തടയാവുന്ന രോഗങ്ങളും മൂലമുള്ള മരണ നിരക്ക് രാജ്യങ്ങള്‍ വിജയകരമായി കുറച്ചതോടെ, ആകെ മരണങ്ങളില്‍ ജന്മനായുള്ള വൈകല്യങ്ങള്‍ മൂലമുള്ള മരണങ്ങളുടെ അനുപാതം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്
