
ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കുനീക്കം സജീവം; ഇന്ത്യയിലേക്ക് ഇന്ധനവും വളവുമായി 11 കപ്പലുകളെത്തി
ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മില്‍ ചരിത്രപരമായ സമാധാന കരാറിലെത്തിയതോടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. ജൂണ്‍ 17 ന് ഇരു രാജ്യങ്ങളും ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയ 11 ചരക്കുകപ്പലുകള്‍ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
മേഖലയിലെ നാവിക ഗതാഗതം സാധാരണ നിലയിലാകുന്നതിന്റെ സൂചനയായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യത്തോടെയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കപ്പെടുന്നതിന്റെ ശുഭ സൂചനയാണിത് എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയിലേക്ക് എത്തിയ കപ്പലുകളില്‍ വന്‍ തോതില്‍ ക്രൂഡ് ഓയില്‍, എല്‍പിജി, വളം എന്നിവയാണുള്ളത്. 2,85,000 മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ വീതം കയറ്റിയ, ഇന്ത്യന്‍ പതാക ഘടിപ്പിച്ച മൂന്ന് കൂറ്റന്‍ ടാങ്കറുകള്‍ക്ക് പുറമെ ഒരു വിദേശ എണ്ണക്കപ്പലും ഒരു എല്‍പിജി കപ്പലും ഈ കൂട്ടത്തിലുണ്ട്. കൂടാതെ രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് വലിയ ആശ്വാസമേകിക്കൊണ്ട് വലിയ തോതില്‍ വളം സംഭരിച്ച ആറ് വിദേശ ബള്‍ക്ക് കാരിയറുകളും സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടവയില്‍ ഉള്‍പ്പെടുന്നു.
ഫെബ്രുവരി 28 ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിപ്പോയ 10 ഇന്ത്യന്‍ പതാക ഘടിപ്പിച്ച കപ്പലുകള്‍ക്കും വൈകാതെ തന്നെ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്
