പൊലീസ് നിരീക്ഷണം ഫലം കണ്ടില്ല; കാട്ടാക്കടയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണ പരമ്പര.

0

തിരുവനന്തപുരം: കണ്ടെയ്‌ന്‍മെന്‍റ് സോണുകളായ കാട്ടാക്കട, പൂവച്ചല്‍ പഞ്ചായത്തുകളില്‍ പൊലീസ് നിരീക്ഷണത്തെ വെട്ടിച്ച്‌ ആയുധധാരികളായ മോഷ്ടാക്കള്‍ നടത്തിയത് വന്‍ മോഷണ പരമ്പര.

ഒറ്റ രാത്രിയില്‍ കാട്ടാക്കടയില്‍ രണ്ടു പള്ളികളിലും രണ്ട് കുരിശടിയിലും ഒരു ക്ഷേത്രത്തിലും കവര്‍ച നടത്തുകയും പണം കവരുകയും പള്ളികള്‍ അലങ്കോലമാക്കുകയും ചെയ്തു. പള്ളികളില്‍ കയറിയ കള്ളന്മാര്‍ വീഞ്ഞും അകത്താക്കിയാണ് മടങ്ങിയത്.

കാട്ടാക്കട ആമച്ചലില്‍ അമലോത്ഭവ മാതാ ദേവാലയം, കട്ടക്കോട് സെന്‍റ് അന്‍റണീസ് ദേവാലയം, കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് കുരിശടി, ചാത്തിയോട് വേളങ്കണ്ണിമാതാ കുരിശടി, മംഗലക്കല്‍ മുത്താരമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ആമച്ചല്‍ അമലോത്ഭവ ദേവാലയത്തില്‍ സക്രാരികള്‍ തകര്‍ത്ത കള്ളന്മാര്‍ ദേവാലയങ്ങളിലെ തിരുവസ്ത്രങ്ങളും വിശുദ്ധ വസ്തുക്കളും എല്ലാം വലിച്ചുവാരിയെറിഞ്ഞ നിലയിലായിരുന്നു.

ഇവിടെ മാതാവിന്റെ തിരുസ്വരൂപത്തിലെ നോട്ടുമാലയും കള്ളന്മാര്‍ കൊണ്ടുപോയി. ഇതോടൊപ്പം അലമാരയില്‍ ആരാധനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് ഇവര്‍ കുടിച്ചതായും ശേഷിച്ചവ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. പ്രധാന പ്രവേശന കാവാടത്തിലെ കുരിശടിയും പൂട്ട് പൊളിച്ചു പണം കവര്‍ന്ന ശേഷം അടച്ച നിലയിലുമായിരുന്നു. ഇവ സൂക്ഷിച്ചിരുന്ന സങ്കീര്‍ത്തിക്കുളളിലെ അലമാരയും തകര്‍ത്ത് സാധനങ്ങള്‍ വലിച്ചെറിഞ്ഞ കള്ളന്മാര്‍ വികാരിയുടെ ഓഫീസ് മുറിയിലെ വസ്തുക്കളും തകര്‍ത്തു.

കാട്ടാക്കട കട്ടക്കോട് സെന്‍റ് അന്‍റണീസ് ഫെറോന ദേവാലയത്തിലെ ജനല്‍ കമ്ബി തകര്‍ത്തും വാതില്‍ തകര്‍ത്തുമാണ് മോഷണ സംഘം പള്ളിക്കുള്ളില്‍ കയറിയത്. പുലര്‍ചെ രണ്ടു നാല്പതോടെയാണ് മോഷ്ടാക്കള്‍ പള്ളിക്കുള്ളില്‍ കടന്നിരിക്കുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്.

നാലു പേരടങ്ങുന്ന സംഘമായിരുന്നു. പളളിക്കുളളില്‍ കടന്ന് ചര്‍ച് ക്വയറിന്‍റെ അലമാര കുത്തിത്തുറന്ന സംഘം സങ്കീര്‍തിക്കുള്ളില്‍ കടന്ന് വിശുദ്ധവസ്തുക്കളും പൂജാവസ്ത്രങ്ങളും വാരിവലിച്ചെറിഞ്ഞിട്ടുണ്ട്. അലമാരക്കുളളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പലതും മോഷണം നടത്തിയിട്ടുണ്ട്. ഇതുകഴിഞ്ഞു വീണ്ടും തിരികെ അള്‍ത്താരയിലെത്തിയ സംഘം സക്രാരിതുറന്നു പരിശോധിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

മംഗലക്കല്‍ മുത്താരമ്മന്‍ ക്ഷേത്ര ട്രസ്റ്റില്‍ കടന്ന മോഷ്ട്ടാക്കള്‍ ഇവിടെ ഉണ്ടായിരുന്ന ഒമ്ബതോളം കാണിക്ക വഞ്ചികളും കുടങ്ങളും തകര്‍ത്തു പണം കവര്‍ന്നു. മാസങ്ങള്‍ക്ക് മുമ്ബാണ് കണക്കെടുപ്പ് നടത്തിയിരുന്നത്. ശേഷം കാണിക്ക പൊട്ടിച്ചിരുന്നില്ല പതിനായിരത്തോളം രൂപയുടെ നഷ്ട്ടം ഉണ്ടായതായാണ് നിഗമനം.

You might also like