ഹോര്‍മുസില്‍ യു.എസ്-ഇറാന്‍ യുദ്ധം അപകടകരമായ ഘട്ടത്തിലേക്ക്; ബന്ദര്‍ അബ്ബാസില്‍ വ്യോമാക്രമണം, എണ്ണക്കപ്പല്‍ തകര്‍ത്തു

0

ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെയും ഇറാന്റെ തീരദേശ നഗരങ്ങളുടെയും നിയന്ത്രണത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അപകടകരമായ ഘട്ടത്തിലേക്ക്. തുടര്‍ച്ചയായ ആറാം രാത്രിയിലും ഇറാന്റെ തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ് ലക്ഷ്യമാക്കി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി.

നഗരത്തിലെ റെയില്‍വേ സ്റ്റേഷന്‍, പ്രധാന ഗതാഗത മാര്‍ഗങ്ങളായ രണ്ട് വലിയ പാലങ്ങള്‍ എന്നിവ തകര്‍ത്തതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അഹ്വാസ് നഗരത്തിലെ കുട്ടികളുടെ കാന്‍സര്‍ വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി കെട്ടിടത്തിന് നേരെയും യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ പൂര്‍ണ അവകാശം ഇറാനല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ചരക്കുകപ്പലിന് നേരെ യു.എസ് മിസൈല്‍ ആക്രമണം നടത്തിയത്.

കുറോസോയുടെ പതാകയേന്തിയ ബെല്‍മ എന്ന എണ്ണക്കപ്പലിന് നേരെയാണ് യു.എസ് യുദ്ധ വിമാനം ഹെല്‍ഫയര്‍ മിസൈല്‍ തൊടുത്തത്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലേക്ക് നീങ്ങുകയായിരുന്ന കപ്പല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്ന് കപ്പലിന്റെ പുകക്കുഴലിലേക്ക് മിസൈല്‍ എയ്ത് നിര്‍വീര്യമാക്കുകയായിരുന്നുവെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ തുടര്‍ന്നുള്ള സാമ്പത്തിക വെല്ലുവിളികള്‍ ശക്തമാകുന്നതിനിടെ, തങ്ങളുടെ സുരക്ഷാ അതിര്‍ത്തികള്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

You might also like