അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

0

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ പൂര്‍ണമായി നിരായുധരാക്കുന്നതുവരെ ഗാസയില്‍ നിന്ന് സൈന്യം പിന്‍വാങ്ങില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. ആവശ്യമെങ്കില്‍ അടുത്ത സഖ്യകക്ഷികളെപ്പോലും എതിര്‍ക്കാന്‍ മടിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി തള്ളുന്നതായി നെതന്യാഹു പ്രഖ്യാപിച്ചത്.

ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും സമ്പൂര്‍ണ നിരായുധീകരണം ലക്ഷ്യമിട്ടുള്ള കരാറില്‍ എത്തിയിട്ടുണ്ടെന്ന് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ എല്ലാത്തരം ആക്രമണങ്ങളും അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും ചെയ്താല്‍ മാത്രമേ ആയുധങ്ങള്‍ കൈമാറുകയുള്ളൂവെന്ന് ഹമാസും വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ഇസ്രയേല്‍ തുടര്‍ന്നുവന്ന മൗനത്തിനൊപ്പമാണ് ഇപ്പോള്‍ നെതന്യാഹുവിന്റെ ഭാഗത്ത് നിന്ന് കര്‍ശന നിലപാടുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് ശേഷവും ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. ഹമാസിനെ യഥാര്‍ഥത്തില്‍ നിരായുധീകരിക്കുന്നതുവരെ ഇസ്രയേല്‍ സൈന്യം യാതൊരു പിന്മാറ്റവും നടത്തില്ലെന്നും സേനയ്ക്കും പൗരന്മാര്‍ക്കുമെതിരെയുള്ള ഭീഷണികള്‍ തടയുന്നത് തുടരുമെന്നും നെതന്യാഹു മന്ത്രിസഭാ യോഗത്തില്‍ ആവര്‍ത്തിച്ചു. ഇറാനുമായുള്ള യുദ്ധത്തില്‍ ട്രംപിനെ പ്രശംസിക്കുമ്പോള്‍ തന്നെയാണ് ഗാസയിലെ അദേഹത്തിന്റെ നീക്കങ്ങളെ നെതന്യാഹു തള്ളിപ്പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്

You might also like