
എയര്‍ ഇന്ത്യ വിമാനം ‘ആകാശച്ചുഴിയില്‍’ അകപ്പെട്ട സംഭവത്തില്‍ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ‘ആകാശച്ചുഴിയില്‍’ അകപ്പെട്ട സംഭവത്തില്‍ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്. പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ പരിശോധന ഫലം എയര്‍ ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പരിശോധനകള്‍ നടത്തിയെങ്കിലും തങ്ങളുമായി ഫലം പങ്കുവച്ചിട്ടില്ലെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
എയര്‍ ഇന്ത്യയുടെ ഫൂക്കറ്റ്-ഡല്‍ഹി വിമാനം ചൊവ്വാഴ്ച ആകാശച്ചുഴിയില്‍ അകപ്പെട്ട് അപകടം ഉണ്ടായെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. 145 പേരുമായി പറന്ന എയര്‍ബസ് എ 320 വിമാനം ഒഡീഷയ്ക്ക് സമീപം ആകാശച്ചുഴിയില്‍ അകപ്പെട്ടതായും തുടര്‍ന്ന് 300 അടി താഴ്ചയിലേക്ക് താഴുകയായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്.
വിമാനം പെട്ടന്ന് താഴ്ചയിലേക്ക് എത്തിയതോടെയുണ്ടായ അപകടത്തില്‍ 13 യാത്രക്കാരെയും നാല് ക്രൂ അംഗങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ നിര്‍ണായക അന്വേഷണത്തിലാണ് പൈലറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്
