
ഹുർമുസ് കടലിടുക്കിൽ 22 ഇന്ത്യൻ നാവികരുണ്ടായിരുന്ന രണ്ട് ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം.
തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിൽ 22 ഇന്ത്യൻ നാവികരുണ്ടായിരുന്ന രണ്ട് ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം. സംഭവത്തിൽ ഇന്ത്യ ശക്തമായ അപലപിച്ചു. ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ‘എം.ടി പെട്രോ ഡോൾഫിൻ’ എന്ന കപ്പൽ തകർന്നതായി വിദേശകാര്യ മന്ത്രാലയം (എം.ഇ.എ) അറിയിച്ചു.
‘എം.ടി പെട്രോ ഡോളഫിൻ’ ഒരു ഡ്രോൺ ആക്രമണത്തിന് ഇരയായതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിലുണ്ടായിരുന്ന 11 ഇന്ത്യൻ നാവികരിൽ രണ്ടുപേരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റൊരു സംഭവത്തിൽ, മാർഷൽ ഐലൻഡ്‌സ് പതാകയേന്തിയ ‘എം.ടി വാൽതെറ’ എന്ന ടാങ്കറിന് നേരെയും അജ്ഞാത പ്രൊജക്ടൈൽ ആക്രമണമുണ്ടായി. ഇതിനെത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കാണാതായ ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനങ്ങൾക്കായും ജീവനക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങൾ എത്തിക്കുന്നതിനുമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒമാൻ ഭരണകൂടവുമായും കപ്പൽ മാനേജ്‌മെന്റ് കമ്പനികളുമായും ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
“ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് ഇന്ത്യൻ സർക്കാർ എപ്പോഴും മുൻഗണന നൽകുന്നത്. മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഇത് നിലവിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കാൻ ഇടയാക്കും,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
