
ഉക്രൈനിൽ വീണ്ടും ഡ്രോൺ ആക്രമണം: കാരിത്താസ് സ്പെസിന്റെ ഓഫീസ് തകർന്നു
ഉക്രൈനിലെ ഒഡേസ നഗരത്തിൽ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സംഘടനയായ ‘കാരിത്താസ് സ്പെസിന്റെ’ (Caritas-Spes) മാനുഷിക സഹായ കേന്ദ്രത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തിൽ സ്ഥാപനത്തിന്റെ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
ജീവനക്കാരും സന്ദർശകരും വലിയൊരു ദുരന്തത്തിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആക്രമണം നടക്കുന്നതിന് വെറും ഏഴ് മിനിറ്റ് മുൻപ് മാത്രമാണ് യുദ്ധം മൂലമുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സൈനികർക്കായുള്ള കൗൺസിലിംഗ് സെഷൻ ഇവിടെ അവസാനിച്ചത്. പങ്കെടുത്തിരുന്നവരും ജീവനക്കാരും വീടുകളിലേക്ക് മടങ്ങി ഏതാനും മിനിട്ടുകൾക്ക് ശേഷം ആണ് സ്ഥാപനത്തിന് നേരെ ആക്രമണം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ചില്ലുകളും വാതിലുകളും തകർന്നു. ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നഗരത്തിലെ മുനിസിപ്പൽ സേവനങ്ങളുടെ സഹായത്തോടെ തകർന്ന വാതിലുകളും ജനലുകളും തൽക്കാലത്തേക്ക് പാനലുകൾ വച്ച് അടച്ചിട്ടുണ്ട്. എങ്കിലും, കെട്ടിടം പൂർണ്ണമായും നന്നാക്കി സുരക്ഷിതമാക്കുന്നത് വരെ ഇവിടെ നടന്നിരുന്ന എല്ലാ ഗ്രൂപ്പ്, വ്യക്തിഗത കൗൺസിലിംഗ് സെഷനുകളും താൽക്കാലികമായി നിർത്തിവച്ചതായി കാരിത്താസ് സ്പെസ് ഉക്രൈൻ വക്താവ് അറിയിച്ചു.
