
ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്ത് ലിയോ മാര്പാപ്പ
റോം: ശ്വാസകോശ അര്ബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെ, ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രാര്ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് മാര്പാപ്പ ലിയോ പതിനാലാമന്റെ ആദ്യ സന്ദേശം പുറത്തുവന്നു. റോമിലെ ആശുപത്രിയില് നടന്ന തൊണ്ണൂറു മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കിടയിലാണ് അദേഹത്തിന് പള്മണറി അഡെനോകാര്സിനോമ അഥവാ ശ്വാസകോശ കാന്സര് സ്ഥിരീകരിച്ചതും രോഗബാധിതമായ ഭാഗം നീക്കം ചെയ്തതും.
മുന്ഗാമിയായ ഫ്രാന്സിസ് മാര്പ്പാപ്പയുടെ കുടുംബങ്ങളുടെയും ദമ്പതികളുടെയും ക്ഷേമത്തിനായി തയ്യാറാക്കിയ അമോറിസ് ലെയ്റ്റിഷ്യ പ്രമാണ രേഖയുടെ പത്താം വാര്ഷികത്തോട് അനുബന്ധിച്ച് റോമില് നടന്ന സിമ്പോസിയത്തില് പങ്കെടുക്കുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മാര്പാപ്പ തന്റെ ഔദ്യോഗിക സന്ദേശം പങ്കുവെച്ചത്. തന്നെ നേരില് കാണാന് സാധിക്കാത്ത ഈ ദിവസങ്ങളില് വിശ്വാസികള് നല്കുന്ന പിന്തുണയും പ്രാര്ത്ഥനകളും സഭയ്ക്ക് വലിയൊരു അനുഗ്രഹമാണെന്ന് അദേഹം വ്യക്തമാക്കി.
മാര്പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അദേഹത്തെ ചികിത്സിച്ച ഡോക്ടര്മാരായ ലൂയിജി കാര്ബോണെ, പ്രൊഫസര് സ്റ്റെഫാനോ മാര്ഗരിറ്റോറ എന്നിവര് അറിയിച്ചു. ആശുപത്രിയിലെ തന്റെ മുറിയില് വെച്ച് കുറച്ച് ദൂരം നടക്കാനും മറ്റ് വൈദികരുമായി ചേര്ന്ന് പ്രത്യേകമായി സജ്ജീകരിച്ച മുറിയില് കുര്ബാന അര്പ്പിക്കാനും അദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് വത്തിക്കാന് വക്താക്കള് വ്യക്തമാക്കി
