ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാ ആഴ്ചയിലും റാപിഡ് ടെസ്റ്റ് നടത്തണമെന്ന് സിവിൽ സര്‍വീസ് ബ്യൂറോ പ്രസിഡന്റ് ഉത്തരവിട്ടു

0

 

 

മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് എല്ലാ ആഴ്ചയിലും ഒരിക്കല്‍ റാപിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ പ്രസിഡന്റ് അഹമ്മദ് ബിന്‍ സായിദ് അല്‍ സായിദ് ഉത്തരവിട്ടു. അവശ്യ സര്‍വീസുകളില്‍ ഒഴികെ 70 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആരോഗ്യം, വൈദ്യൂതി, ജലം, വ്യോമയാന മേഖല, ശുചീകരണം എന്നീ സര്‍വീസുകളെയാണ് ഒഴിവാക്കിയത്. ഓഫീസുകളില്‍ ഹാജരാകുന്നവരാണ് എല്ലാ ആഴ്ചയിലും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടത്.

48 മണിക്കൂറിനുള്ളിലെ പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശമുള്ളവര്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ച് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങള്‍ സിവില്‍ സര്‍വീസ് ബ്യൂറോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ആഴ്ച തോറും ജാവനക്കാര്‍ റാപിഡ് പരിശോധന നടത്തുന്നുണ്ടെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറേറ്റുകള്‍ ഉറപ്പുവരുത്തണം. പരിശോധനയില്‍ പോസിറ്റീവായാല്‍ മേലധികാരിയെ അറിയിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

You might also like