യുഎഇയില്‍ ചികിത്സാ പിഴവ് മൂലം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; 39 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
അബുദാബി: യുഎഇയില്‍ ചികിത്സാ പിഴവ് മൂലം ഇടതു കണ്ണിന്റെ 45 ശതമാനം കാഴച നഷ്ടപ്പെട്ട രോഗിക്ക് രണ്ട് ലക്ഷം ദിര്‍ഹം (39 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ സ്വകാര്യ ആശുപത്രിയോട് ഉത്തരവിട്ട് അബുദാബി പ്രാഥമിക കോടതി. ചികിത്സ നടത്തിയ സ്വകാര്യ ആശുപത്രിയും ശസ്ത്രക്രിയ നടത്തിയ ഡോക്ടറും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
നഷ്ടപരിഹാരത്തിന് പുറമെ കോടതി നടപടികളുടെ ചെലവും വഹിക്കണം. ശസ്ത്രക്രിയ നടത്തുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന ശാസ്ത്രീയ നടപടികളില്‍ പോലും വീഴ്ച വരുത്തിയതായും കോടതി കണ്ടെത്തി. 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രോഗി കോടതിയെ സമീപിച്ചത്. ആരോഗ്യ വിദഗ്ധരുടെ അന്വേഷണത്തില്‍ ഈ വ്യക്തിക്ക് ചികിത്സാ പിഴവ് മൂലമാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.