
ചോരയും ആയുധങ്ങളുമല്ല, സമാധാനമാണ് വലുത്: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ യുദ്ധരാഷ്ട്രീയത്തിനെതിരെ ജനകീയ വിചാരണ
വാഷിങ്ടൺ: യുദ്ധരാഷ്ട്രീയത്തിനും ഭരണകൂടത്തിന്റെ അധികാരധാർഷ്ട്യത്തിനും എതിരെ ശക്തമായ ജനവികാരം ആളിപ്പടർന്ന 2026 നവംബർ മൂന്നിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത പ്രഹരം.
അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റിക് പാർട്ടി സമ്പൂർണ മേൽക്കൈ ഉറപ്പിച്ചതോടെ വൈറ്റ് ഹൗസിന്റെ ഏകപക്ഷീയമായ ഭരണനീക്കങ്ങൾക്ക് ശക്തമായ തടയിട്ടു. ചോരയും ആയുധങ്ങളും കൊണ്ട് ലോകത്തെ നിയന്ത്രിക്കാമെന്ന ഭരണകൂടത്തിന്റെ വികലമായ ചിന്താഗതിക്കെതിരായ ജനകീയ വിചാരണയായി ഈ ജനവിധി മാറി.
സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയിലും ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം സെനറ്റിൽ ഡെമോക്രാറ്റുകൾക്കും ഒപ്പമുള്ള രണ്ട് സ്വതന്ത്ര അംഗങ്ങൾക്കുമായി 53 സീറ്റുകളുണ്ട്.
റിപ്പബ്ലിക്കൻമാർ 41 സീറ്റുകളിലേക്ക് ചുരുങ്ങി. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് ഏഴ് സെനറ്റ് സീറ്റുകളാണ് ഡെമോക്രാറ്റുകൾ പിടിച്ചെടുത്തത്. 435 സീറ്റുകളിലേക്ക് മത്സരം നടന്ന ജനപ്രതിനിധിസഭയിൽ 340 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോൾ ഡെമോക്രാറ്റുകൾ 214 സീറ്റുകൾ നേടി ഭൂരിപക്ഷത്തിന് ആവശ്യമായ 218 എന്ന സംഖ്യയിലേക്ക് അടുക്കുന്നു.
റിപ്പബ്ലിക്കൻമാർക്ക് 126 സീറ്റുകൾ മാത്രമാണ് നേടാനായത്. ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രീസ് സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നതോടെ യുഎസ് ചരിത്രത്തിലെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ഹൗസ് സ്പീക്കർ എന്ന ചരിത്രനേട്ടവും യാഥാർഥ്യമാകും
