
വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ
വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഗവർണർ ബോബ് ഫെർഗൂസൻ. വാഷിങ്ടണിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സേവനങ്ങളെയും സംഭാവനകളെയും പരിപാരിക്കിടെ ഗവർണർ പ്രശംസിച്ചു. സ്റ്റേറ്റ് ലെജിസ്ലേറ്റിവ് കെട്ടിടത്തിൽവെച്ചായിരുന്നു ആഘോഷം. ഞായറാഴ്ച വാഷിങ്ടൺ സ്റ്റേറ്റ് ദീപാവലി ദിനമായി പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദശകത്തിൽ അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്ന ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ വാഷിങ്ടൺ സ്റ്റേറ്റിലേതാണെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു. സ്റ്റേറ്റിന്റെ സമഗ്ര പുരോഗതിയിൽ ഈ സമൂഹം നൽകിയ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ കൗൺസിൽ ജനറലും സെനറ്റർ മങ്ക ഡിംഗ്രയും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദീപാവലി ആഘോഷങ്ങളിൽ പങ്കാളികളാകുന്ന എല്ലാവർക്കും ഗവർണർ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
ആഘോഷത്തിൽ പങ്കെടുത്തതിനെ സംബന്ധിച്ച് നന്ദി അറിയിച്ചും മറ്റും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു ഗവർണർ.
‘‘ഈ ആഴ്ച കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെയും സെനറ്റർ ഡിംഗ്രയുടെയും സാന്നിധ്യത്തിൽ ലെജിസ്ലേറ്റീവ് കെട്ടിടത്തിനുള്ളിൽ ഞങ്ങൾ വളരെ വിപുലമായി ദീപാവലി ആഘോഷിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇന്ത്യൻ അമേരിക്കൻ സമൂഹങ്ങളിലൊന്നിന് ആതിഥേയത്വം വഹിക്കുന്നതിൽ വാഷിങ്ടൺ സ്റ്റേറ്റ് അഭിമാനിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്ന ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ ഞങ്ങളുടെ സംസ്ഥാനത്താണ് ഉണ്ടായത്. ദീപാവലി ആഘോഷങ്ങൾ ആരംഭിക്കുന്ന എല്ലാവർക്കും മനോഹരമായ ഒരു ഉത്സവം ആശംസിക്കുന്നു’’ എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം കുറിച്ചത്.
