
തുര്‍ക്കിയില്‍ മൂന്നിടങ്ങളില്‍ വെടിവെയ്പ് : എട്ടുപേര്‍ കൊല്ലപ്പെട്ടു, അക്രമി പിടിയില്‍
അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ തോക്കുധാരിയായ അക്രമിമൂന്നിടങ്ങളില്‍ നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നത്. അക്രമിയെ പിന്നീട് പോലീസ് പിടികൂടി. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. അഫ്യോങ്കരാഹിസര്‍ പ്രവിശ്യയിലാണ് സംഭവം. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് പ്രകാരം അയാസിനി ഗ്രാമത്തില്‍നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സമീപത്തെ കിയിര്‍ ഗ്രാമത്തില്‍ മൂന്ന് പേര്‍ കൂടി വെടിയേറ്റ് മരിച്ചു. യുകാരിതന്ദിര്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഇതോടെയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായത്.
മൂന്ന് ഗ്രാമങ്ങളിലായി തുടര്‍ച്ചയായി വെടിവെപ്പ് നടന്നതോടെ പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നു. ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്നും അക്രമി ഒറ്റയ്ക്കാണോ കൃത്യങ്ങള്‍ നടത്തിയതെന്നും വ്യക്തമല്ല.സംഭവത്തെ തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കായി സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. ഒടുവില്‍ അയല്‍പ്രവിശ്യയായ എസ്‌കിഷെഹിറില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ വിവരങ്ങളും ആക്രമണത്തിന്റെ സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്. അക്രമിയുടെ പശ്ചാത്തലം, ആക്രമണത്തിന് ഉപയോഗിച്ച തോക്കിന്റെ ഉറവിടം, സംഭവത്തിന് പിന്നിലെ കാരണം തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
