
ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം: പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ കോൺസുലേറ്റ്
ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തിന് ഈടാക്കിയിരുന്ന പിഴത്തുകയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ (ഹ്യൂസ്റ്റൺ) ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചു.
പുതിയ പാസ്പോർട്ട് ലഭിച്ച് 90 ദിവസത്തിനകം ഇ-ഒസിഐ (e-OCI) പോർട്ടൽ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി കഴിഞ്ഞുനൽകുന്ന അപ്ഡേറ്റുകൾക്ക് 25 യു.എസ് ഡോളർ പിഴ ഈടാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പിഴത്തുകയിൽ നിന്നാണ് ഇപ്പോൾ ഔദ്യോഗികമായി ഇളവ് അനുവദിച്ചിരിക്കുന്നത്.
2026 ഒക്ടോബർ 31 വരെ കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് 25 ഡോളർ പിഴയിൽ നിന്ന് പൂർണ്ണമായും ഒറ്റത്തവണ ഇളവ് ലഭിക്കുന്നതാണ്.
2026 നവംബർ 1 മുതൽ 2026 ഡിസംബർ 31 വരെ സമർപ്പിക്കുന്ന പാസ്പോർട്ട് അപ്ഡേറ്റ് അപേക്ഷകൾക്കും ഈ പിഴ ബാധകമായിരിക്കുന്നതല്ല.
ഈ ഇളവിന്റെ ആനുകൂല്യം അർഹരായ മുഴുവൻ ഒസിഐ കാർഡ് ഉടമകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കോൺസുലേറ്റ് അധികൃതർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി www.cgihouston.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
