
ബംഗാളില്‍ ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശയ്ക്കിടെ ഹിന്ദുത്വ വാദികളുടെ ആക്രമണം: കുരിശ് തകര്‍ത്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നാരായണ്താല ഗ്രാമത്തില്‍ പുതുതായി നിര്‍മിച്ച ആംഗ്ലിക്കന്‍ പള്ളിയുടെ കൂദാശ കര്‍മങ്ങള്‍ക്കിടെ ഹിന്ദുത്വ വാദികളുടെ അതിക്രമം. ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചു വിട്ടത്.
ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ബാരക്പുര്‍ രൂപതാധ്യക്ഷന്‍ സുബ്രതോ ചക്രവര്‍ത്തി, വൈദികര്‍, സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലേക്ക് മുപ്പതോളം വരുന്ന അക്രമി സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ തടസപ്പെടുത്തിയ അക്രമികള്‍ പള്ളി വളപ്പില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും കുരിശ് തകര്‍ക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച വൈദികരെയും സംഘാടക പ്രതിനിധികളെയും വിശ്വാസികളെയും ക്രൂരമായി മര്‍ദിച്ചു.
ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചവരുടെ ഫോണുകള്‍ തകര്‍ത്തതായി പോലീസ് വെളിപ്പെടുത്തി. യാതൊരു മതപരമായ ചടങ്ങുകളും നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയായിരുന്നു ആക്രമണം.
ക്രൈസ്തവ സംഘടനയായ ‘ബംഗീയ ക്രിസ്തീയ പരിസേബ’ (ബിസിപി) ആക്രമണത്തെ അപലപിച്ചു. പശ്ചിമ ബംഗാളില്‍ ബിജെപി ഭരണത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം രൂക്ഷമാണ്
