
പാക് അതിര്‍ത്തിക്ക് സമീപം റെയില്‍വേ പാളത്തില്‍ ഉഗ്ര സ്ഫോടനം; ട്രെയിനുകള്‍ റദ്ദാക്കി: ഭീകരാക്രമണ സാധ്യത പരിശോധിക്കുന്നു
ജയ്പൂര്‍: രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം റെയില്‍വേ പാളത്തില്‍ ഉഗ്രസ്ഫോടനം. അനൂപ്ഗഢ്-സൂറത്ത്ഗഢ് റെയില്‍വേ പാതയിലാണ് സംഭവം.
സ്ഫോടനത്തില്‍ റെയില്‍വേ ട്രാക്കിന് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതോടെ അനൂപ്ഗഢിനും സൂറത്ത്ഗഢിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. സംഭവത്തില്‍ ഭീകരാക്രമണ സാധ്യത ഉള്‍പ്പെടെ പരിശോധിക്കാന്‍ തീവ്രവാദ വിരുദ്ധ സേനയായ എടിഎസ് അന്വേഷണം ആരംഭിച്ചു.
റാംസിംഗ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. റെയില്‍വേ ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ട്രാക്കിലെ ചില സ്ലീപ്പറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ട്രാക്കിന് താഴെ ഏകദേശം രണ്ടടി ആഴത്തില്‍ കുഴി രൂപപ്പെട്ടതായും സ്ഫോടനത്തിന്റെ ശബ്ദം 200 മീറ്റര്‍ അകലെവരെ കേട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ അനൂപ്ഗഢില്‍ നിന്ന് സൂറത്ത്ഗഢിലേക്കുള്ള ട്രെയിന്‍ ഈ വഴി കടന്നു പോയിരുന്നു. ഇത് കഴിഞ്ഞ് ഏകദേശം 45 മിനിട്ടിന് ശേഷമാണ് സ്ഫോടനമുണ്ടായത്. പാസഞ്ചര്‍ ട്രെയിന്‍ തകര്‍ക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും സംശയിക്കുന്നുണ്ട്
