ഏകദിന ലോകകപ്പിന് 14 ടീമുകൾ, ട്വന്റി20 ലോകകപ്പിന് 20; മാറ്റങ്ങളുമായി ഐസിസി

0

ദുബായ്∙ ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) രംഗത്ത്. 2023–2031 കാലഘട്ടത്തിലെ ക്രിക്കറ്റ് ടൂർണമെന്റുകളെക്കുറിച്ച് തീരുമാനിക്കാൻ ചേർന്ന ഐസിസി യോഗത്തിലാണ് ലോകകപ്പുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഫലത്തിൽ, 2027ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ 14 ടീമുകൾ കിരീടത്തിനായി പോരടിക്കും.

ഇതിനു പുറമെ ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 20 ആക്കി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ ട്വന്റി20 ലോകകപ്പ് സംഘടിപ്പിക്കും. 2017 മുതൽ മുടങ്ങിയിരിക്കുന്ന 50 ഓവർ ചാംപ്യൻസ് ട്രോഫിയും പഴയപടി തിരിച്ചെത്തും. ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാർ കിരീടത്തിനായി മത്സരിക്കുന്ന പഴയ ഫോർമാറ്റ് തന്നെയാകും ചാംപ്യൻസ് ട്രോഫിയിൽ പിന്തുടരുക. 2025, 2029 വർഷങ്ങളിലാകും ചാംപ്യൻസ് ട്രോഫി നടക്കുക.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കാര്യത്തിൽ നിലവിലെ രീതി പിന്തുടരാനും ഐസിസി തീരുമാനിച്ചു. ഒൻപതു ടീമുകൾ രണ്ടു വർഷം കൊണ്ട് ആറു പരമ്പരകൾ കളിക്കുന്ന രീതിയിൽത്തന്നെ ടൂർണമെന്റ് മുന്നോട്ടു പോകും. ഇതനുസരിച്ച് 2025, 2027, 2029, 2031 വർഷങ്ങളിലാകും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലുകൾ അരങ്ങേറുക. പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഈ മാസം 18 മുതൽ ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടാനിരിക്കെയാണ് ടൂർണമെന്റുമായി മുന്നോട്ടു പോകാൻ ഐസിസി തീരുമാനിച്ചത്.

You might also like