രാജ്യത്തെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഐ‌.എന്‍.‌എസ് സന്ധായക് ഡീകമ്മീഷന്‍ ചെയ്തു

0

വിശാഖപട്ടണം: നാലു പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഐ‌.എന്‍.‌എസ് സന്ധായക് ഡീകമ്മീഷന്‍ ചെയ്തു. വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡിലാണ് ഡീകമ്മീഷന്‍ ചടങ്ങുകള്‍ നടന്നത്.

40 വര്‍ഷത്തെ സേവനത്തിനിടെ ഇന്ത്യന്‍ ഉപദ്വീപിലെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും ശ്രീലങ്ക, മ്യാന്‍മര്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലും നടന്ന 200 സുപ്രധാന ഹൈഡ്രോഗ്രാഫിക് സര്‍വേകളാണ് ഐ‌.എന്‍‌.എസ് സന്ധായക് ഏറ്റെടുത്തത്.

കൂടാതെ, 1987ല്‍ ശ്രീലങ്കയിലെ ഓപ്പറേഷന്‍ പവന്‍, 2004ല്‍ സുനാമിയെ തുടര്‍ന്ന് മാനുഷിക സഹായത്തിന്‍റെ ഭാഗമായി നടത്തിയ ഒാപ്പറേഷന്‍ റെയിന്‍ബോ, 2019ല്‍ ഇന്തോ-യു‌.എസ് എച്ച്‌.എ‌.ഡി.‌ആര്‍ പരിശീലനം തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങളിലും സന്ധായക് പങ്കാളിയായി.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച എട്ട് സര്‍വേ കപ്പലുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് ഐ.എന്‍.എസ് സന്ധായക്. കൊല്‍ക്കത്ത കപ്പല്‍നിര്‍മാണശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പല്‍ 1981 മാര്‍ച്ച്‌ 14ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മള്‍ട്ടി-ബീം സ്വാത്ത് എക്കോ സൗണ്ടിങ് സിസ്റ്റം, ഡിഫറന്‍ഷ്യല്‍ ജിപി.എസ്, മോഷന്‍ സെന്‍സറുകള്‍, സീ ഗ്രാവിമീറ്റര്‍, മാഗ്നെറ്റോമീറ്റര്‍, ഓഷ്യാനോഗ്രാഫിക് സെന്‍സറുകള്‍, സൈഡ് സ്കാന്‍ സോണാറുകള്‍, ഓട്ടോമേറ്റഡ് ഡാറ്റ ലോഗിങ് സിസ്റ്റം, സൗണ്ട് വെലോസിറ്റി പ്രൊഫൈലിങ് സിസ്റ്റം, ഡിജിറ്റല്‍ സര്‍വേ, പ്രോസസിങ് സിസ്റ്റം ഉള്‍പ്പെടെ പുതുതലമുറ സര്‍വേ സംവിധാനങ്ങള്‍ കപ്പലില്‍ സജ്ജീകരിച്ചിരുന്നു.

You might also like