ഹിസ്ബുള്ളയുടെ സമ്പാദ്യം ആശുപത്രിക്കടിയില്‍; ദശലക്ഷക്കണക്കിന് ഡോളറും സ്വര്‍ണവും ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍
ബെയ്റൂട്ട്: ബെയ്റൂട്ടിലെ ഒരു ആശുപത്രിക്ക് കീഴില്‍ നിര്‍മിച്ച രഹസ്യ ബങ്കറിനുള്ളില്‍ ഹിസ്‍ബുള്ള ദശലക്ഷക്കണക്കിന് ഡോളർ പണവും സ്വർണവും ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇസ്രായേല്‍. ഇസ്രായേൽ വ്യോമസേന അൽ-സഹേൽ ആശുപത്രിക്ക് താഴെ സ്ഥിതി ചെയ്യുന്ന നിലവറ നിരീക്ഷിച്ചു വരികയാണെന്നും എന്നാൽ ഇതിനെ ലക്ഷ്യമിടാൻ പദ്ധതിയില്ലെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് റിയർ അഡ്മിറല്‍ ഡാനിയൽ ഹഗാരി പറഞ്ഞു.
ഇസ്രായേൽ തെറ്റായതും അപകീർത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ആശുപത്രിയിലെത്തി തെളിവുകള്‍ കാണിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടതായി ഷിയാ പാര്‍ട്ടിയുടെ അമാൽ മൂവ്‌മെന്‍റിന്‍റെ നേതാവും ആശുപത്രി ഡയറക്ടറുമായ അൽ-സാഹെൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആശുപത്രി ഒഴിപ്പിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹിസ്‍ബുള്ള ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
വളരെ കൃത്യതയോടെ ആസൂത്രിതമായിട്ടാണ് ആശുപത്രിയുടെ അടിയില്‍ ബങ്കര്‍ നിര്‍മിച്ചിരിക്കുന്നത്. അതിനുള്ളില്‍ അര ബില്യൺ ഡോളറിലധികം പണവും സ്വർണവും ഉണ്ട്. ഞാൻ ലെബനീസ് സർക്കാരിനോടും ലബനാൻ അധികാരികളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെടുന്നു . ഇസ്രായേലിനെ ആക്രമിക്കാന്‍ പണം ഉപയോഗിക്കാൻ ഹിസ്ബുല്ലയെ അനുവദിക്കരുത്, ഹഗാരി പറഞ്ഞു.”ആ പണം ലബനാന്‍റെ പുനരധിവാസത്തിന് ഉപയോഗിക്കാമായിരുന്നു, പക്ഷേ അത് ഹിസ്ബുള്ളക്കാണ് പ്രയോജനപ്പെടുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ഇസ്രായേൽ വധിച്ച ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസ്സൻ നസ്റുല്ലയാണ് ബങ്കർ നിർമിച്ചതെന്ന് ഹഗാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. ലബനാൻ ജനതയിൽ നിന്ന് മോഷ്ടിച്ച പണം കണ്ടുകെട്ടണമെന്ന് ഇസ്രായേൽ ലബനാൻ സർക്കാരിനോട് അഭ്യർഥിച്ചു.