സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് നിർണ്ണയ ഫോർമുല 30:30:40 എന്ന നിലയിൽ പരിഗണിക്കുമെന്ന് സൂചന

0

മുംബൈ: കൊറോണ വ്യാപനം മൂലം റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയത്തിൽ ധാരണയായതായി സൂചന. പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് നിർണ്ണയ ഫോർമുല 30:30:40 എന്ന നിലയിൽ പരിഗണിക്കുമെന്നാണ് ഒടുവിൽ വിവരം ലഭിക്കുന്നത്. നാളെ ബോർഡിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ച് അനുമതി വാങ്ങിയ ശേഷമാകും പ്രഖ്യാപനം നടത്തുക. രക്ഷകർത്താക്കൾ നൽകിയ പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി പരിഗണിച്ചതിനാലാണ് സി.ബി.എസ്.ഇ കോടതിയിൽ മറുപടി നൽകുന്നത്.

നിലവിൽ പന്ത്രണ്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷ എഴുതാൻ സാധിക്കാത്ത എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ പത്താം ക്ലാസിലേയും പതിനൊന്നാം ക്ലാസിലേയും വാർഷിക പരീക്ഷകളുടെ മാർക്കും പന്ത്രണ്ടാം ക്ലാസിലെ ബോർഡ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് നടത്തിയ പരീക്ഷയിലെ മാർക്കും എടുത്തിട്ടാണ് മൂല്യനിർണ്ണയം പൂർത്തിയാക്കുക.

പത്താംക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് 30 ശതമാനവും പതിനൊന്നാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് 30 ശതമാനവും പന്ത്രണ്ടാം ക്ലാസ്സിലെ പ്രീ-ബോർഡ് പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന് 40 ശതമാനവും വെയിറ്റേജ് നൽകിയാണ് പുതിയ മാർക്ക് നൽകുക. പതിനൊന്നാം ക്ലാസിനേക്കാൾ പ്രാമുഖ്യം പന്ത്രണ്ടാം ക്ലാസ്സിലെ അവസാന വട്ട പ്രീ-ബോർഡ് മാർക്കുകൾക്ക് നൽകണമെന്ന് കുട്ടികളും രക്ഷകർത്താക്കളും ആവശ്യപ്പെട്ടിരുന്നു. പതിനൊന്നാം ക്ലാസ് പരീക്ഷയെ പൊതുവെ കുട്ടികൾ അത്ര ഗൗരവത്തിൽ എടുക്കാറില്ലെന്നും രക്ഷകർത്താക്കൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

You might also like