ശിരോവസ്ത്രം മാറ്റിയതിന് ഇമാം ശിക്ഷ വിധിച്ച മുസ്ലീം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ‘ക്രിസ്തു സ്നേഹത്തെ’: മുന്‍ എഫ്‌ബിഐ ജീവനക്കാരിയുടെ സാക്ഷ്യം ശ്രദ്ധേയം
വാഷിംഗ്ടണ്‍ ഡി.സി: ശിരോവസ്ത്രം മാറ്റിയതിന്റെ പേരില്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുന്ന ശിക്ഷ ലഭിക്കുമെന്ന്‍ ഇമാം വിധിയെഴുത്തു നടത്തിയ മുസ്ലീം പെണ്‍കുട്ടി നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ആശ്വാസം കണ്ടെത്തിയത് യേശു ക്രിസ്തുവില്‍. കഴിഞ്ഞ 22 വര്‍ഷങ്ങളോളം ഇസ്ലാമില്‍ ജീവിച്ചു വളര്‍ന്ന ഇറാന്‍ വംശജയായ ഹെദിയയുടെ സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിബിഎന്‍ ന്യൂസാണ് കഴിഞ്ഞ ദിവസം യുവതിയുടെ സാക്ഷ്യം ലോകത്തിന് മുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദൈവം പിതാവല്ലെന്നും, നമ്മള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നോക്കി വിധിക്കുന്ന ആത്യന്തിക ജഡ്ജിയാണെന്നും അവള്‍ ഇന്നു പറയുന്നു. യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോ കണ്ടതാണ് ഹെദിയയെ ക്രൈസ്തവ വിശ്വാസവുമായി അടുപ്പിച്ചത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഹെദിയ ഇന്ന് മാമോദീസ സ്വീകരിച്ച് സത്യവിശ്വാസം കണ്ടെത്തിയ സന്തോഷത്തിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാനില്‍ നിന്നും ജീവിത സൗഭാഗ്യം തേടി അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഹെദിയയുടെ മാതാപിതാക്കള്‍. ബെവെര്‍ലി ഹില്‍സില്‍ സമ്പത്തിന്റേയും, ധാരാളിത്തത്തിന്റേയും നടുവില്‍ തന്നെയാണ് ഹെദിയ വളര്‍ന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ തൃപ്തയായില്ലെന്നും തന്റെ ഉള്ളില്‍ ശൂന്യതാബോധം നിറഞ്ഞിരിക്കുകയായിരിന്നുവെന്നും ഹെദിയ പറയുന്നു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം മോസ്കിലെത്തിയ ഹെദിയക്ക് കടുത്ത വര്‍ഗ്ഗീയതയാണ് അവിടെ കാണുവാന്‍ കഴിഞ്ഞത്. അമേരിക്കയെ മുസ്ലീം രാജ്യമാക്കി മാറ്റുവാനുള്ള ആശയങ്ങള്‍ വരെ തനിക്കവിടെ കാണുവാന്‍ കഴിഞ്ഞെന്ന് അവള്‍ പറയുന്നു. നിയമ പഠനത്തിനു ശേഷം മുസ്ലീം തീവ്രവാദത്തെക്കുറിച്ച് എഴുതുവാന്‍ തുടങ്ങിയ ഹെദിയ ‘എഫ്.ബി.ഐ’യിലും ജോലി ചെയ്തു.
ഇസ്ലാമിലെ തീവ്രചിന്താഗതിയില്‍ തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹെദിയ പിന്നീട് അഭയം കണ്ടെത്തിയത് ഇസ്ലാമിന്റെ തന്നെ മറ്റൊരു വിഭാഗമായ സൂഫിസത്തിലാണ്. എന്നാല്‍ അവിടെയും സംതൃപ്തി കണ്ടെത്താന്‍ അവള്‍ക്കായില്ല. താന്‍ വിശ്വസിച്ചിരുന്ന ഇസ്ലാം മോക്ഷം ഉറപ്പു നല്‍കുന്നതില്‍ പരാജയമാണെന്ന് മനസ്സിലാക്കിയതാണ് ഹെദിയയേ തന്റെ ശിരോവസ്ത്രം മാറ്റുവാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതില്‍ മോസ്കിലെ ഇമാം കടുത്ത ഭീഷണി ഉയര്‍ത്തി. ശിരോവസ്ത്രം മാറ്റിയതിനാല്‍ മരിച്ചു കഴിയുമ്പോള്‍ നരകത്തീയില്‍ തലമുടിയില്‍ കെട്ടിത്തൂക്കുമെന്നാണ് ഇമാം തന്നോടു പറഞ്ഞതെന്ന് ഹെദിയ വെളിപ്പെടുത്തി. ഇതിനിടെ ദൈവത്തെ അന്വേഷിച്ച് നടന്ന സമയത്താണ് ക്രൈസ്തവ വചനപ്രഘോഷകന്റെ വീഡിയോ അവള്‍ കാണുന്നത്.
യേശുവിലൂടെ പിതാവായ ദൈവവുമായി വ്യക്തിപരമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്ന ഒരു വീഡിയോയായിരിന്നു അത്. ആശയകുഴപ്പത്തിലായ ഹെദിയ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഈ പ്രാര്‍ത്ഥനയിലാണ് യേശുവിന്റെ ശബ്ദം താന്‍ കേട്ടതെന്ന് ഹെദിയ പറയുന്നു. “ഹെദിയ ഇത് ഞാനാണ്” എന്നാണ് യേശു തന്നോടു പറഞ്ഞതെന്ന് അവള്‍ സ്മരിക്കുന്നു. ഇന്നും – ആ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെയാണ് തോന്നുന്നതെന്നും, ആ നിമിഷം മുതല്‍ തന്റെ ജീവിതം മാറിയെന്നും ഹെദിയ പറയുന്നു. ബൈബിള്‍ വായനയില്‍ അവള്‍ ആനന്ദം കണ്ടെത്തി. മാമോദീസ മുങ്ങി ക്രിസ്ത്യാനിയായ ഹെദിയക്ക് താനൊരിക്കലും സാധ്യമല്ലെന്ന് കരുതിയ ബന്ധം ഇന്ന് ദൈവവുമായുണ്ട്. താന്‍ അനുഭവിച്ചറിഞ്ഞ യേശുവിന്റെ രക്ഷാകര സ്നേഹം മറ്റുള്ളവരുമായി പങ്കുവെക്കുന്ന തിരക്കിലാണ് ഇന്നു ഹെദിയ.