മധ്യപൂര്‍വ്വേഷ്യയെ തിരുകുടുംബത്തിന് സമര്‍പ്പിച്ചു: പ്രാര്‍ത്ഥിച്ചും ഇടയന്‍മാര്‍ക്ക് കത്തയച്ചും പാപ്പയുടെ ഐക്യദാര്‍ഢ്യം

0

വത്തിക്കാന്‍ സിറ്റി/ ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യൻ മേഖലയിലെ സമാധാനത്തിനായി നടത്തിയ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുത്തും മേഖലയിലെ കത്തോലിക്ക പാത്രിയാർക്കീസുമാർക്ക് കത്തയച്ചും ഫ്രാന്‍സിസ് പാപ്പയുടെ കരുതല്‍. സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഒത്തുചേർന്നതിലും ഈ സംരംഭത്തിന് മുൻകൈ എടുത്തതിനും ഇടയന്മാർക്ക് നന്ദി അറിയിച്ചുക്കൊണ്ടുമാണ് ഫ്രാൻസിസ് പാപ്പായുടെ കത്ത്. ഇതിനിടെ മധ്യ കിഴക്കൻ നാടുകളിലെ കത്തോലിക്കാ മെത്രാന്‍മാര്‍ മേഖലയെ തിരുക്കുടുംബത്തിന് സമർപ്പണം നടത്തി. ഇന്നലെ ജൂൺ 27 രാവിലെ 10 മണിക്കാണ് മധ്യപൂർവേഷ്യയുടെ സമാധാനത്തിനായി പ്രത്യേക ദിവ്യബലി അർപ്പണവും തിരുകുടുംബ സമര്‍പ്പണവും നടത്തിയത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്‍മാര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ലോകം മുഴുവനുമുള്ള വിശ്വാസികളോടും പ്രദേശത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പ അഭ്യർത്ഥിച്ചു. ക്രിസ്തീയ വിശ്വാസം ജനിച്ചതും ഇപ്പോഴും സജീവമായതുമായ നാട്ടിൽ പ്രതിസന്ധികളുടെ നടുവിലും സംവാദത്തിനായും സഹോദര്യ സഹവാസത്തിനായും നടത്തുന്ന പരിശ്രമങ്ങളെ കർത്താവ് താങ്ങിനിറുത്തട്ടെയെന്നും പ്രിയ ജനത്തിന് ദൈവം എന്നും ശക്തിയും, സ്ഥിരതയും ധൈര്യവും നൽകട്ടെയെന്നും പാപ്പ പ്രാർത്ഥിച്ചു. തന്റെ കത്തിൽ മേഖലയിലേക്ക് നടത്തിയ അപ്പോസ്തോലിക സന്ദർശനങ്ങളും പാപ്പ അനുസ്മരിച്ചു. വിശുദ്ധനാട്ടിലേക്ക് നടത്തിയ തീർത്ഥാടനം മുതൽ ഈജിപ്ത്, അറബ് എമിറേറ്റ്സ്, ഇറാഖ് എന്നിവിടങ്ങളിലെ സന്ദർശനങ്ങളിലൂടെ തന്റെ പദവി ഏറ്റനാൾ മുതൽ അവരുടെ സഹനങ്ങളിൽ സമീപസ്ഥനായിരിക്കാൻ താൻ പരിശ്രമിച്ചിരുന്നെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You might also like