യുഎസ് വിദേശകാര്യ സെക്രട്ടറി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍ സിറ്റി: യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സൗഹാർദ്ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും ഏകദേശം 40 മിനിറ്റോളം ഇരുവരും ചര്‍ച്ച നടത്തിയെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ചര്‍ച്ചയില്‍ 2015ൽ അമേരിക്കയിലേക്കുള്ള അപ്പോസ്തലിക സന്ദർശനവും രാജ്യത്തെ ജനങ്ങളോടുള്ള സ്നേഹൈക്യം പ്രകടിപ്പിച്ചതും പാപ്പ അനുസ്മരിച്ചുവെന്നും വത്തിക്കാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യൻ രാജ്യങ്ങളുടെ നയതന്ത്ര പര്യടനത്തിനിടയിലാണ് ബ്ലിങ്കന്‍ വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിച്ചത്.
നേരത്തെ യുഎസ് പ്രസിഡന്‍റ് ബൈഡന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരിന്നു. ബൈഡൻ ഭരണത്തിൻ കീഴിലുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി വത്തിക്കാനില്‍ നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇത്. പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പ്, യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ലിബിയയിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകളിൽ ബ്ലിങ്കൻ പങ്കെടുത്തിരിന്നു.