പത്താം നൂറ്റാണ്ടിലെ കത്തോലിക്ക ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ ജര്‍മ്മനിയിൽ കണ്ടെത്തി

0

ഐസ്ലെബെൻ: പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കത്തോലിക്കാ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ ജര്‍മ്മനിയിൽ കണ്ടെത്തി. ഒട്ടോ ഒന്നാമൻ രാജാവ് പണികഴിപ്പിച്ച ദേവാലയത്തിന്റെ അവശിഷ്ടമാണ് ഇതെന്ന് കരുതപ്പെടുന്നു. ജർമ്മൻ നഗരമായ ഐസ്ലെബെന്നിന് സമീപത്തുളള ചോള വയലിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് ദേവാലയ അവശിഷ്ടങ്ങൾ ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതുകൂടാതെ ഏതാനും നാണയങ്ങളും, പള്ളിമണിയുടെ ഒരു ഭാഗവും ഗവേഷകർക്ക് ലഭിച്ചു. 968ൽ നിർമ്മിക്കപ്പെട്ട ദേവാലയം വിശുദ്ധ റാഡെഗുണ്ടിനാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ഒട്ടോ രാജാവും, മകനും ദേവാലയം സന്ദർശിച്ചതിനുള്ള തെളിവുകളും ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.

ദേവാലയത്തിന്റെ കൂദാശ നടന്ന സമയത്ത് ഒട്ടോ രാജാവിന്റെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന് ഗവേഷകർ സൂചിപ്പിച്ചു. 500 വർഷത്തോളം ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന ദേവാലയം പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ നാളുകളിലാണ് നശിപ്പിക്കപ്പെടുന്നത്. ഓട്ടോമൻ കാലഘട്ടത്തിലെ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്നതാണ് വലിയ ദേവാലയ നിർമ്മിതിയെന്ന് ഗവേഷകർ പത്രക്കുറിപ്പിൽ പറഞ്ഞു. ദേവാലയം സ്ഥിതി ചെയ്തിരിന്ന പ്രദേശത്തിനു സമീപത്തായി എഴുപതോളം കുഴിമാടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുഴിമാടങ്ങൾ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും, നാണയങ്ങൾ, കത്തികൾ അടക്കമുള്ളവയും ലഭിച്ചതിനാൽ പ്രഭു കുടുംബങ്ങളിലെ അംഗങ്ങളെ അടക്കം ചെയ്ത കുഴിമാടങ്ങളാണ് ഇതെന്നുളള നിഗമനത്തിലാണ് ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്. വരും നാളുകളില്‍ പ്രദേശത്തു കൂടുതല്‍ ഗവേഷണം നടത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

You might also like