TOP NEWS| കോണ്‍വെന്റില്‍ തുടരാന്‍ ലൂസി കളപ്പുരയ്ക്കു അവകാശമില്ല: കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ നിലപാടിന് പിന്നാലെ ഹൈക്കോടതിയും

0

 

കോണ്‍വെന്റില്‍ തുടരാന്‍ ലൂസി കളപ്പുരയ്ക്കു അവകാശമില്ല: കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ നിലപാടിന് പിന്നാലെ ഹൈക്കോടതിയും

കൊച്ചി: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നു വര്‍ഷങ്ങളായി അച്ചടക്ക ലംഘനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നു വിവാദത്തിലാകുകയും സന്യാസ സമൂഹത്തില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്ത ലൂസി കളപ്പുരയ്ക്കു കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. ലൂസി കളപ്പുര നേരത്തെ വത്തിക്കാന് സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാനിലെ പരമോന്നത കോടതിയായ അപ്പസ്‌തോലിക്ക സിഞ്ഞത്തൂര തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് പോലീസ് സംരക്ഷണം തേടി മുന്‍ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വത്തിക്കാ​ൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കോണ്‍വെന്‍റില്‍ തുടരാൻ ലൂസിക്ക്​ അവകാശമില്ലെന്ന്​ വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസ്​ രാജ വിജയരാഘവൻ​ ചൊവ്വാഴ്​ച വരെ വിശദീകരണം ​നൽകാന്‍​ സമയം അനുവദിച്ചു​.

കോണ്‍വെന്‍റില്‍ നിന്ന് ഒഴിയാൻ സമയം അനുവദിക്കാമെന്നും കോടതി പറഞ്ഞു. ലൂസി കളപ്പുരയെ ഗൗരവതരവും തുടര്‍ച്ചയായുമുള്ള അനുസരണ ദാരിദ്ര്യ വ്രതലംഘനം, ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം ഏറെനാളായി നിയമനടപടി നേരിട്ടുവരികയായിരിന്നു. ദാരിദ്രം, അനുസരണം എന്നീ സന്യാസ വ്രതങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കിക്കൊണ്ട് മഠം അധികൃതര്‍ ഉത്തരവിറക്കിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. ഇതിനെതിരെ ലൂസി കളപ്പുര വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് പരാതി നല്‍കി. ഇത് വത്തിക്കാന്‍ പ്രഥമദൃഷ്ട്യാ തള്ളിയിരുന്നു.

You might also like