വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രമേയം ലൂയിസിയാന സെനറ്റ് പാസ്സാക്കി

0

യിസിയാന: ലോക തൊഴിലാളി ദിനമായ മെയ് ഒന്ന്‍ സഭയുടെ കാവല്‍ക്കാരനും തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ദിനമായി അംഗീകരിക്കുന്ന പ്രമേയം ലൂയിസിയാന സെനറ്റ് പാസ്സാക്കി. 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആഗോള സഭ ആചരിക്കുന്നതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് നടപടി. സെനറ്റര്‍ ഫ്രെഡ് മില്‍സ് അവതരിപ്പിച്ച പ്രമേയത്തില്‍ ലൂയിസിയാന സ്റ്റേറ്റ് സെക്രട്ടറി കൈലെ അര്‍ഡോയിന്‍ ഒപ്പുവെച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷത്തിനും സെനറ്റ് അംഗീകാരം നല്‍കി.

ദിവസവും തങ്ങളുടെ കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, സംസ്ഥാനത്തിന്റേയും ഉന്നതിക്കായി ജോലിചെയ്യുന്ന ലൂയിസിയാനയില്‍ സ്ത്രീപുരുഷ തൊഴിലാളികളുടെ ദിനമായും മെയ് ഒന്നിനെ പ്രമേയത്തില്‍ അംഗീകരിക്കുന്നു. വിശുദ്ധ യൗസേപ്പിതാവ് സഞ്ചരിച്ചതായി പറയപ്പെടുന്ന ദൂരമത്രയും തീര്‍ത്ഥാടനം നടത്തുവാന്‍ ലൂയിസിയാനയിലെ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന ‘എക്സോഡസ് 290 സെന്റ്‌ ജോസഫ് തീര്‍ത്ഥാടനം’ പരിപാടിയുടെ സംഘാടകന്‍ ഫാ. മൈക്കേല്‍ ഷാംപെയ്ന്‍, “വിശുദ്ധ യൗസേപ്പിതാവ്: നമ്മുടെ ആത്മീയ പിതാവിന്റെ അത്ഭുതങ്ങള്‍” എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും അതിന്റെ 10 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കുകയും ചെയ്ത ഫാ. ഡൊണാള്‍ഡ് എച്ച്. കാല്ലോവെ എന്നിവരുടെ പേരുകള്‍ പ്രമേയത്തില്‍ പ്രത്യേകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

സ്റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട പ്രമേയത്തിന്റെ പകര്‍പ്പ് സംസ്ഥാന ഗവര്‍ണര്‍, ന്യൂഓര്‍ലീന്‍സ് മെത്രാപ്പോലീത്ത ഗ്രിഗറി എം അയ്മണ്ട്; ലഫായെറ്റെ രൂപതാ മെത്രാന്‍ ഡഗ്ലസ്‌ ഡെഷോട്ടെല്‍സ്; ലൂയിസിയാന മെത്രാന്‍ സമിതി, ഫാ. ഡൊണാള്‍ഡ് എച്ച്. കാല്ലോവെ, ഫാ. മൈക്കേല്‍ ഷാംപേന്‍, സി.ജെ.സി എന്നിവര്‍ക്കയച്ചിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിനോടുള്ള ആദരവിന്റേയും, ഭക്തിയുടേയും പേരില്‍ ചില വൈദികരുടെ പേരുകളും ഫ്രാന്‍സിസ് പാപ്പ യൗസേപ്പിതാവിനു നല്‍കിയ വിശേഷണങ്ങള്‍ പ്രമേയത്തില്‍ എടുത്തു പറയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

You might also like