ഫിലിപ്പീൻസിൽ സേനാവിമാനം തെങ്ങിൻതോപ്പിൽ തകർന്നു വീണ് 45 പേർ കൊല്ലപ്പെട്ടു.
മനില ∙ ഫിലിപ്പീൻസിൽ സേനാവിമാനം തെങ്ങിൻതോപ്പിൽ തകർന്നു വീണ് 45 പേർ കൊല്ലപ്പെട്ടു. 42 സൈനിക ഉദ്യോഗസ്ഥരും വീണ സ്ഥലത്തുണ്ടായിരുന്ന 3 നാട്ടുകാരുമാണു കൊല്ലപ്പെട്ടത്. 5 സൈനികരെ കാണാതായി. 49 സൈനികർ പരുക്കുകളോടെ ആശുപത്രിയിലായി.
ആകെ 96 പേരാണു വ്യോമസേനാ വിമാനത്തിൽ ഉണ്ടായിരുന്നത്. 3 പൈലറ്റുമാരൊഴികെ എല്ലാവരും കരസേനാ ഉദ്യോഗസ്ഥരാണ്. തെക്കൻ പ്രവിശ്യയായ സുലുവിലെ ഹോലോദ്വീപിൽ ഇറങ്ങുന്നതിനിടെയാണ് ഇന്നലെ ഉച്ചയ്ക്കു വിമാനം ബങ്കാൽ ഗ്രാമത്തിൽ തകർന്നുവീണത്. ചെറിയ റൺവേയായതിനാൽ ലാൻഡിങ് പിഴവാണ് അപകടകാരണമെന്നു കരുതുന്നു.
തെറ്റായ സ്ഥലത്തിറങ്ങിയ വിമാനം രണ്ടാമതും പറന്നുയരാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തകർന്ന വിമാനത്തിനു തീപിടിക്കുന്നതിനു മുൻപേ കുറേയേറെ സൈനികർ പുറത്തുചാടി രക്ഷപ്പെടാനായെന്നാണു വിവരം. പൈലറ്റുമാരും രക്ഷപ്പെട്ടു. ഈ വർഷം യുഎസ് വ്യോമസേന കൈമാറിയതാണു തകർന്ന സി–130 ഹെർക്കുലിസ് വിമാനം.