വൻകുടലിലെ ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നു.
റോം ∙ വൻകുടലിലെ ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ (84) സുഖം പ്രാപിക്കുന്നു. റോമിലുള്ള ജെമെല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ അദ്ദേഹത്തിന്റെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്തു.
മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. ഒരാഴ്ച ആശുപത്രിയിൽ കഴിയേണ്ടി വരും. വൻകുടലിന്റെ പേശികളിൽ വീക്കമുണ്ടാകുന്നതു മൂലം കുടൽ ചുരുങ്ങുന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. 2013ൽ സ്ഥാനമേറ്റശേഷം ആദ്യമായാണ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പ പൂർണസുഖം പ്രാപിക്കാൻ പ്രാർഥിക്കണമെന്നു കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.