45നു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും 3 മാസത്തിനകം വാക്‌സീന്‍ ലഭ്യമാക്കും; കേന്ദ്രം അനുവദിക്കുന്ന വാക്‌സീന്‍ അളവ് കുറവാണെന്നതാണ് പ്രശ്‌നം: മന്ത്രി വീണ ജോര്‍ജ്ജ്
പത്തനംതിട്ട: സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. സംസ്ഥാനത്ത് 45നു മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും 2 മുതല്‍ 3 മാസത്തിനകം വാക്‌സീന്‍ ലഭ്യമാക്കാനാണു മുന്‍ഗണനയെന്ന് വീണ വ്യക്തമാക്കി. എന്നാല്‍ കേന്ദ്രം അനുവദിക്കുന്ന വാക്‌സീന്‍ അളവ് കുറവാണെന്നത് അലട്ടുന്നുണ്ട്. നിലവില്‍ 3 ദിവസത്തേക്കുള്ള വാക്‌സീന്‍ മാത്രമാണുള്ളത്.
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാനായിട്ടില്ല. വീടുകളിലടക്കം കര്‍ശനമായ സാമൂഹിക അകലവും സമ്ബര്‍ക്ക വിലക്ക് വ്യവസ്ഥകളും പാലിക്കുന്നതിലൂടെ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മൂന്നാം തരംഗം 18 വയസ്സില്‍ താഴെയുള്ളവരെ കൂടുതലായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. അതിനാല്‍ പ്രധാന ആശുപത്രികളിലെല്ലാം മികച്ച ശിശു പരിചരണ വിഭാഗം ഉറപ്പാക്കും. ഇതിനായി പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍ബന്ധമാക്കും. പിഎം കെയര്‍ അടക്കമുള്ള പദ്ധതികള്‍ ഇതിനായി പ്രയോജനപ്പെടുത്തും. മന്ത്രി പറഞ്ഞു.