കൊവിഡ് ബാധിച്ചവർക്ക് നാലാഴ്ചക്കുശേഷം വീണ്ടും ബാധിക്കാമെന്നു ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ്

0

കോവിഡ്-19 ബാധിച്ച ആളുകൾക്ക് ഐസൊലേഷൻ അവസാനിച്ചതിന് ശേഷമുള്ള 28 ദിവസങ്ങൾ കഴിഞ്ഞു സമാനമായ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ്‌ ആരോഗ്യ വകുപ്പ്.

പോസിറ്റീവ് ഫലമാണ് ലഭിക്കുന്നെതെങ്കിൽ അവയെ പുതിയ കേസുകളായി റിപ്പോർട്ട് ചെയ്യണമെന്നും  രോഗികൾ കോവിഡ് മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഒമിക്രോണിന്റെ  ഏറ്റവും പുതിയ വകഭേദങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്ന് NSW ചീഫ് ഹെൽത്ത് ഓഫീസർ ഡോ.കെറി ചാന്റ് ചൂണ്ടിക്കാട്ടി.

നിലവിൽ ഒമിക്രോൺ  BA.4, BA.5 എന്നീ വകഭേദങ്ങൾ NSW-ൽ വ്യാപകമായി പടരുന്നുണ്ട്. മുമ്പത്തെ അണുബാധയിൽ നിന്നും, വാക്‌സിനേഷനിൽ നിന്നും നേടിയ പ്രതിരോധശേഷിയെ മറികടക്കാൻ ഏതാനും ആഴ്ചകൾക്കകം അവയ്ക്ക് കഴിയും” ഡോക്ടർ കെറി ചാന്റ് പറഞ്ഞു. കോവിഡ് വീണ്ടും കുതിച്ചുയരുന്ന സാധ്യതയുള്ളതിനാൽ ജനങ്ങൾ ബൂസ്റ്റർ വാക്‌സിനുകൾ സ്വീകരിക്കണമെന്നും ഡോക്ടർ ചാന്റ് നിർദേശിച്ചു. രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 30 വയസും അതിനു മുകളിലുള്ളവർക്കും  ലഭ്യമാണ്.

കോവിഡ് മഹാമാരിക്കെതിരെ  പോരാടുവാനും  സമൂഹത്തിലെ ദുർബലരായ അംഗങ്ങൾക്കുള്ള അപകടസാധ്യത കുറയ്ക്കുവാനും ജനങ്ങൾ താഴെ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

  • ഫ്ലൂ, കോവിഡ്-19 വാക്‌സിനേഷനുകൾ സമയബന്ധിതമായി സ്വീകരിക്കുക
  • രോഗലക്ഷണങ്ങളുണ്ടെങ്കിൽ വീട്ടിലിരിക്കുക, ഉടൻ തന്നെ കോവിഡ്-19 പരിശോധന നടത്തി ഐസൊലേറ്റ് ചെയ്യുക. .
  • കെട്ടിടങ്ങൾക്കുള്ളിൽ  മാസ്ക് ധരിക്കുക
  •  പതിവായി കൈകൾ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്തുകൊണ്ട് ശുചിത്വം പാലിക്കുക
  • ഒത്തുചേരലുകൾ കെട്ടിടങ്ങൾക്ക് പുറത്ത്, അല്ലെങ്കിൽ തുറന്ന വാതിലുകളും ജനലുകളും ഉള്ള സ്ഥലങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തുക
  • രോഗസാധ്യത കൂടുതലുള്ള പ്രിയപ്പെട്ടവരെ സന്ദർശിക്കുന്നതിനോ, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങളിലേക്കും പരിപാടികളിലേക്കും പോകുന്നതിനോ മുമ്പായി റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തുക
You might also like