വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നു; മസൂറിയിലെത്തുന്ന സഞ്ചാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

0

ഡെറാഡൂണ്‍ : തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ശക്തമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മസൂറിയിലെത്തുന്ന സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി. കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റില്ലാതെ വരുന്നവരെ കൊലുഹകേടില്‍ തടയുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

 

മസൂറിയില്‍ വന്‍തോതില്‍ സഞ്ചാരികള്‍ എത്തിയതിനെ തുടര്‍ന്ന് ഹോടെലുകളും റിസോര്‍ടുകളും നിരത്തുകളും ആളുകളെകൊണ്ട് നിറഞ്ഞതിനാലാണ് നടപടി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് മസൂറിയിലെത്തുന്നത്. ഇവരൊന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നില്ല. ഇതുമൂലം കോവിഡ് മൂന്നാം തരംഗമുണ്ടാവുമെന്നാണ് ആശങ്ക. ഇതിനാലാണ് കോവിഡ് നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കിയതെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

ഉത്തരാഖണ്ഡിലെ മറ്റൊരു ടൂറിസം കേന്ദ്രമായ നൈനിറ്റാളില്‍ വാരാന്ത്യങ്ങളില്‍ ഇരുചക്ര യാത്രികര്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഹരിദ്വാറിലും സമാനസാഹചര്യമാണ് നില നില്‍ക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഹിമാചല്‍പ്രദേശിലെ മണാലിയില്‍ വലിയ രീതിയില്‍ വിനോദസഞ്ചാരികള്‍ എത്തുന്നതില്‍ ആശങ്കയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും മണാലിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

You might also like