TOP NEWS| തൃശ്ശൂർ മെഡിക്കൽ കോളേജിൽ 53 വിദ്യാർഥികൾക്ക് കോവിഡ്
തൃശ്ശൂർ മെഡിക്കൽ കോളേജിൽ 53 വിദ്യാർഥികൾക്ക് കോവിഡ്
മെഡിക്കൽ കോളേജ്:ഗവ. മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിൽ 53 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 39 എം.ബി.ബി.എസ്. വിദ്യാർഥികൾക്കും 14 ബി.ഡി.എസ്. വിദ്യാർഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രോഗലക്ഷണമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മറ്റുള്ളവരെ വീട്ടിലേക്കും പറഞ്ഞയച്ചു. വിദ്യാർഥികളെ കൂടാതെ ജൂനിയർ ഡോക്ടർമാർ, രോഗികൾ, കോഫീ ഹൗസ് ജീവനക്കാർ തുടങ്ങി ഇരുപതിലേറെ പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ ഹോസ്റ്റലിലെ മൂന്ന് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് സൂചന. ഡെൻറൽ കോളേജ് വിദ്യാർഥികളും മെഡിക്കൽ കോളേജ് വിദ്യാർഥികളും ഒരേ ഹോസ്റ്റലിലാണ് താമസം. വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോളേജ് മാനേജിങ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു. പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഹോസ്റ്റൽ അടച്ചിട്ടില്ല. ഹോസ്റ്റലിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും കൂടുതൽ ജാഗ്രത പുലർത്താൻ തീരുമാനമായി.