രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 415 പേര്‍

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,689 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 415 പേര്‍ മരണമടഞ്ഞു.132 ദിവസത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 30,000ല്‍ താഴെ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 3,98,100 കൊവിഡ് രോഗികളാണുള്ളത്. രാജ്യത്ത് ഇതു വരെ 44 കോടി കൊവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.33 ശതമാനവുമാണ്.

അതേസമയം രാജ്യത്ത് വാക്സിനേഷന്‍ നല്‍കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തത് ഒരു ആശങ്കയായി നിലനില്‍ക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്‌ ജൂലായ് മാസത്തില്‍ ഇതുവരെ 9.94 കോടി വാക്സിന്‍ ഡോസുകള്‍ ഇതു വരെ നല്‍കികഴിഞ്ഞു. ജൂലായ് മാസത്തില്‍ 13.5 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. വാക്സിനേഷന്‍ നല്‍കുന്നത് ഈ നിരക്കില്‍ തുട‌ര്‍ന്നാല്‍ ജൂലായ് മാസം 12 കോടി ഡോസുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ സാദ്ധ്യതയുള്ളുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡിന്റെ മൂന്നാം തരംഗം വന്നെത്തിയാല്‍ ദിവസേനയുള്ള കൊവിഡ് കേസുകള്‍ നാല് മുതല്‍ അഞ്ച് ലക്ഷം വരെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ദ്ധര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You might also like