തിരികെ ലഭിച്ചത് 1,23,554 മുൻഗണനാ കാർഡുകൾ: ഭക്ഷ്യമന്ത്രി
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് കാർഡുകൾ തിരികെ നൽകാൻ സമയം അനുവദിച്ചപ്പോൾ സറണ്ടർ ചെയ്തത് 1,23,554 കാർഡുകളാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
10,018 എ.എ.വൈ കാർഡുകൾ, 64,761 പി.എച്ച്.എച്ച് കാർഡുകൾ, 48,775 എൻ.പി.എസ് കാർഡുകൾ എന്നിങ്ങനെയാണ് തിരികെ ലഭിച്ചത്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം കേന്ദ്ര സർക്കാർ അനുവദിച്ചുനൽകിയ ആകെ കാർഡ് അംഗങ്ങളുടെ എണ്ണം 1,54,80,040 ആണ്. ഈ സാഹചര്യത്തിൽ അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവരെ പട്ടികയിൽനിന്ന് ഒഴിവാക്കിയാലേ അർഹതയുള്ള കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ നൽകാനാകൂ.
ഇതിനായി ശിക്ഷാനടപടിയില്ലാതെ ജൂലൈ 15 വരെ അനർഹർക്ക് കാർഡുകൾ തിരിച്ചേൽപ്പിക്കാൻ സമയം അനുവദിച്ചപ്പോഴാണ് 1,23,554 കാർഡുകൾ തിരികെ ലഭിച്ചത്.
മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മുൻഗണനാകാർഡുകൾ തിരിച്ചേൽപ്പിച്ചതിലൂടെ വന്ന ഒഴിവുകളിലേക്ക് അർഹരെ കണ്ടെത്തി കാർഡുകൾ നൽകാൻ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു.
മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്ന ഘട്ടത്തിൽ ഗുരുതരമായ രോഗം ബാധിച്ച് ദീർഘനാളത്തെ ചികിത്സ ആവശ്യമായി വരുന്ന അപേക്ഷകർക്ക് പ്രത്യേക പരിഗണന നൽകാൻ നിർദേശിച്ചിട്ടുണ്ട്.