നിര്‍ത്തിയിട്ട ബസ് അതിവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുതെറിപ്പിച്ചു; റോഡില്‍ ഉറങ്ങിയ 18 പേര്‍ക്ക് ദാരുണാന്ത്യം
ലഖ്നോ: രാത്രി നിര്‍ത്തിയിട്ട ഇരുനില ബസിനു മുന്നില്‍ ഉറങ്ങിയ 18 തൊഴിലാളികള്‍ക്കു മേല്‍ ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണാന്ത്യം. അമിത വേഗത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ട്രക്ക്, ബസ് ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്നാണ് അടിയില്‍പെട്ട് കൂട്ട മരണം സംഭവിച്ചത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നോയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെ ബാരബങ്കിയിലാണ് സംഭവം. 19 തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
ഹരിയാനയില്‍നിന്ന് മടങ്ങുകയായിരുന്ന ബിഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് രാത്രിയില്‍ വഴിയില്‍ നിന്നുപോകുകയായിരുന്നു. ഇതേ തുടര്‍ന്ന് നിര്‍ത്തിയിട്ട ബസിനുമുന്നിലായി റോഡരികില്‍ ഇവര്‍ കിടന്നുറങ്ങി. പുലര്‍ച്ചെ 1.30ഓടെ അമിതവേഗത്തിലെത്തിയ ട്രക്ക് പിന്നില്‍നിന്ന് ഇടിച്ചുകയറി മുന്നോട്ടുനീങ്ങിയ ബസിനടിയില്‍പെട്ടായിരുന്നു തൊഴിലാളികളുടെ മരണം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് അതിഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബസിനടിയില്‍കുടുങ്ങിയവരെ ഏറെ വൈകിയാണ് പുറത്തെടുത്തത്.
ബിഹാറിലെ സീതാമഢി, സഹര്‍സ മേഖലകളില്‍ നിന്നുള്ളവരായിരുന്നു തൊഴിലാളികള്‍. ബസിന്‍റെ ആക്സില്‍ ഷാഫ്റ്റ് പൊട്ടിയതിനെ തുടര്‍ന്നാണ് രാത്രി നിന്നുപോയത്. യാത്രക്കാര്‍ ഇറങ്ങി ബസിനു മുന്നിലായി ഉറങ്ങാന്‍ കിടക്കുകയായിരുന്നു.