യുഎസിൽ കാട്ടുതീ ശമിച്ചില്ല; കാറ്റും മിന്നലും ഭീഷണി
ഇന്ത്യൻ ഫാൾസ് (യുഎസ്) ∙ പടിഞ്ഞാറൻ അമേരിക്കയെ ചുട്ടെരിക്കുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു. വടക്കൻ കലിഫോർണിയയിൽ ആഞ്ഞടിക്കുന്ന കാറ്റും മിന്നലും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായി. 85 ഇടങ്ങളിലെ വലിയ കാട്ടുതീ പടരുന്നു. 2343 ചതുരശ്ര മൈൽ (6068 ചതുരശ്ര കിലോമീറ്റർ) പ്രദേശം കത്തിയെരിഞ്ഞു. പ്ല്യൂമ, ബ്യൂട്ടെ കൗണ്ടികളിൽ പതിനായിരത്തിലേറെ വീടുകൾ ഭീഷണിയിലാണ്.
ദക്ഷിണ ഓറിഗനിൽ 1657 ചതുരശ്ര കിലോമീറ്റർ ചുട്ടെരിച്ച കാട്ടുതീ 53% നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി അഗ്നിശമന വിഭാഗം അറിയിച്ചു. ഇവിടെ ഇടിമിന്നലിൽ 70 വീടുകൾ കത്തിനശിച്ചു. രണ്ടായിരത്തോളം വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മോണ്ടാനയിലെ ഗാർഫീൽഡ് കൗണ്ടിയിൽ മിസോറി നദിയിലെ ഫോർട് പെക് അണക്കെട്ട് പ്രദേശത്തെ 26 ചതുരശ്ര കിലോമീറ്റർ വനം കാട്ടുതീ ഭീഷണിയിലാണ്. മരങ്ങളുടെ മണ്ണിനടിയിലെ വേരുകളും കത്തുന്നതിനാൽ തീയണച്ച സ്ഥലങ്ങളിൽ വീണ്ടും തീ പടരുന്ന സംഭവങ്ങളുമുണ്ട്.